ഇസ്രായേലിൽ പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു. കഴിഞ്ഞയാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ പിന്തുണയ്ക്കുമെന്ന് അറബ് പാർട്ടികളുടെ സഖ്യമായ ജോയിന്റ് ലിസ്റ്റ് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകിട്ട് പ്രസിഡന്റ് ഐസക് ഹെർസോഗിനെ തീരുമാനം ഔദ്യോഗികമായി അറിയിക്കുമെന്ന് സഖ്യം വ്യക്തമാക്കി.
|
ഇസ്രായേൽ പാർലമെന്റായ നെസറ്റിലെ 120 സീറ്റുകളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അറബ് നേതൃത്വത്തിലുള്ള പാർട്ടികൾ റെക്കോർഡ് നേട്ടത്തോടെ 19 സീറ്റുകൾ സ്വന്തമാക്കിയിരുന്നു. ഇതിൽ ജോയിന്റ് ലിസ്റ്റിന്റെ 11 അംഗങ്ങളും ഐസൻകോട്ടിനെ പിന്തുണയ്ക്കും. എട്ട് സീറ്റുകളുള്ള അറബ് പാർട്ടിയായ റാഅമും നേരത്തെ ഐസൻകോട്ടിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇതോടെ ഐസൻകോട്ടിന് 67 പാർലമെന്റ് അംഗങ്ങളുടെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. സർക്കാർ രൂപീകരണത്തിന് ആവശ്യമായ കേവല ഭൂരിപക്ഷം 61 സീറ്റുകളാണ്.
അതേസമയം, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് 53 സീറ്റുകളാണുള്ളത്. എന്നാൽ അൾട്രാ ഓർത്തഡോക്സ് വിഭാഗത്തിലെ ഡെഗൽ ഹതോറ പാർട്ടി ഇരുപക്ഷത്തെയും പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹരേദി വിഭാഗത്തിലെ പുരുഷന്മാർക്ക് നിർബന്ധിത സൈനിക സേവനത്തിൽ ഇളവ് നൽകുന്ന നിയമം പാസാക്കാത്തതിലുള്ള അതൃപ്തിയാണ് നെതന്യാഹു സഖ്യത്തിൽനിന്നുള്ള ഈ അകൽച്ചയ്ക്ക് പിന്നിൽ.
തെരഞ്ഞെടുപ്പിൽ അറബ് പാർട്ടികൾ ക്രമക്കേട് നടത്തിയെന്ന നെതന്യാഹുവിന്റെ ആരോപണങ്ങൾക്കും തിരിച്ചടിയേറ്റു. ആരോപണങ്ങൾക്ക് തെളിവുകളില്ലെന്ന് വ്യക്തമാക്കിയ ഇസ്രായേൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ബുധനാഴ്ച ഫലങ്ങൾ ഔദ്യോഗികമായി അംഗീകരിച്ചു.
രാഷ്ട്രീയ പാർട്ടികളുമായുള്ള കൂടിയാലോചനകൾ പൂർത്തിയാക്കിയ ശേഷം സർക്കാർ രൂപീകരിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള നേതാവിനെ പ്രസിഡന്റ് ഐസക് ഹെർസോഗ് ചുമതലപ്പെടുത്തും. ഇതിനായി തെരഞ്ഞെടുക്കപ്പെടുന്ന നേതാവിന് 28 ദിവസമാണ് അനുവദിക്കുക. ആവശ്യമെങ്കിൽ 14 ദിവസം കൂടി നീട്ടിനൽകാം. ആർക്കും സർക്കാർ രൂപീകരിക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത വർഷം ആദ്യം വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





