02
Nov 2026
Mon
02 Nov 2026 Mon

ഇൻസ്റ്റഗ്രാം ചാറ്റിലൂടെ വിളിച്ചുവരുത്തി 17കാരനെ കൊന്ന് ചാക്കിലാക്കി മരത്തിൽ കെട്ടിത്തൂക്കി. സംഭവത്തിൽ പെൺകുട്ടിയടക്കം മൂന്നു പേർ പിടിയിൽ. തിരുവനന്തപുരം ശ്രീകാര്യത്താണ് ക്രൂരമായ കൊലപാതകം. പാങ്ങപ്പാറ സ്വദേശി എം.ഡി. അഭിറാമാണ് കൊല്ലപ്പെട്ടത്. പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെൺകുട്ടിയുടെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സന്ദേശമയച്ച് അഭിറാമിനെ പാങ്ങപ്പാറയിലെത്തിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. തുടർന്ന് കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി കെട്ടിത്തൂക്കുകയായിരുന്നു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞാണ് പ്ലസ് ടു വിദ്യാർഥിയായ അഭിറാം വീട്ടിൽനിന്ന് ഇറങ്ങിയത്. രാത്രി ഏഴുമണിയോടെ പിതാവിനെ ഫോണിൽ വിളിച്ച് ഉടൻ തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ രാത്രി വൈകിയും വീട്ടിലെത്താതിരിക്കുകയും ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തതോടെ കുടുംബം പൊലീസിൽ പരാതി നൽകി.

തുടർന്ന് പൊലീസ് തിരോധാനക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാങ്ങപ്പാറയിലെ ഒഴിഞ്ഞ പറമ്പിൽ വാഴകൾക്കിടയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് 17കാരൻ, ഒരു പെൺകുട്ടി, മറ്റൊരാൾ എന്നിവരാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ഗൂഢാലോചനയുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

ALSO READ: അപൂർവ ധാതുക്കൾക്ക് പിന്നാലെ നിർമാണ യന്ത്രങ്ങളിലും നിയന്ത്രണവുമായി ചൈന; ഇന്ത്യയുടെ തുരങ്ക പദ്ധതികൾക്ക് തിരിച്ചടിയായേക്കും

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക