09
Nov 2026
Mon
09 Nov 2026 Mon
Kids Build Windmill Houses Using Recycled Materials

ഷാർജ: പുനരുപയോഗവും പുനരുപയോഗ ഊർജത്തിന്റെ പ്രാധാന്യവും കളിയിലൂടെ മനസ്സിലാക്കി കുട്ടികൾ. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി എട്ടിനും പത്തിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച ‘കാർഡ്ബ്രിക്സ് വിൻഡ്മിൽ ഹൗസ്’ ശിൽപശാലയാണ് ശ്രദ്ധേയമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മേളയിലെ ഡിസ്കവറി ഡിസ്ട്രിക്ടിൽ നടന്ന പരിപാടിയിൽ ഉപയോഗിച്ച കാർഡ്ബോർഡ് വസ്തുക്കൾ ഉപയോഗിച്ച് കുട്ടികൾ വീടുകളുടെയും കാറ്റാടിയന്ത്രങ്ങളുടെയും മാതൃകകൾ നിർമിച്ചു. മുൻകൂട്ടി മുറിച്ചുവെച്ച കാർഡ്ബോർഡ് കഷണങ്ങൾ കൂട്ടിച്ചേർത്ത് ഗ്രാമീണ ഭംഗിയുള്ള വീടുകൾ ഒരുക്കിയ കുട്ടികൾ പിന്നീട് നിറമുള്ള പേനകൾ ഉപയോഗിച്ച് അവയ്ക്ക് ഇഷ്ടാനുസരണം അലങ്കാരങ്ങളും നൽകി.

പിങ്ക്, പർപ്പിൾ, നീല തുടങ്ങിയ ഇഷ്ടനിറങ്ങൾ ഉപയോഗിച്ച് വീടുകൾ മനോഹരമാക്കിയ കുട്ടികൾക്ക് കറങ്ങുന്ന കാറ്റാടികൾ നിർമിക്കാനും കഴിഞ്ഞു. വീടിനായി കാറ്റാടി നിർമിച്ചതാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് എലീന പറഞ്ഞു.

പുനരുപയോഗ വസ്തുക്കൾ സർഗാത്മകമായി പ്രയോജനപ്പെടുത്താൻ കുട്ടികളെ പരിചയപ്പെടുത്തുകയാണ് ശിൽപശാലയുടെ ലക്ഷ്യമെന്ന് പരിശീലകയായ ദാനിയ വിശദീകരിച്ചു. പുനരുപയോഗത്തിന്റെ പ്രാധാന്യത്തോടൊപ്പം കാറ്റിൽനിന്നുള്ള ഊർജം പോലുള്ള പുനരുപയോഗ ഊർജസ്രോതസ്സുകളെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കാൻ അവസരമൊരുക്കിയെന്നും അവർ പറഞ്ഞു.

20 മുതൽ 30 വരെ കുട്ടികൾ ശിൽപശാലയിൽ പങ്കെടുത്തതായി മറ്റൊരു പരിശീലകയായ സൽമ അറിയിച്ചു. നിർമാണവും അലങ്കാരവും പൂർത്തിയാക്കിയ കുട്ടികൾക്ക് സ്വന്തം കൈകളാൽ ഒരുക്കിയ മാതൃകകൾ വീട്ടിലേക്ക് കൊണ്ടുപോകാനും അവസരം ലഭിച്ചു.

നവംബർ 4 മുതൽ 15 വരെ എക്സ്പോ സെന്റർ ഷാർജയിൽ നടക്കുന്ന 45-ാമത് പുസ്തകമേളയിൽ 126 രാജ്യങ്ങളിൽനിന്നായി 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്നുണ്ട്. 17 ലക്ഷത്തിലേറെ പുസ്തകങ്ങളും 1,500 സാംസ്കാരിക, സർഗാത്മക പരിപാടികളും മേളയുടെ ഭാഗമാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക