09
Nov 2026
Mon
09 Nov 2026 Mon

ഷാർജ: പുസ്തകങ്ങളിലെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ റോബോട്ടുകളാക്കി മാറ്റി കുട്ടികൾ. അവയ്ക്ക് ചലനങ്ങൾ നൽകാൻ പ്രോഗ്രാമിങ്ങും പഠിച്ചു. മറ്റുചിലർ പാവകളെ ഉപയോഗിച്ച് സ്വന്തം കഥകളും നാടകങ്ങളും ഒരുക്കി. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ കുട്ടികൾക്കും കൗമാരക്കാർക്കുമായി സംഘടിപ്പിച്ച അഞ്ച് വ്യത്യസ്ത ശിൽപശാലകളാണ് ശ്രദ്ധേയമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മേളയിലെ ഡിസ്കവറി, ആർട്സ് ആൻഡ് എക്സ്പ്രഷൻ, ക്രിയേറ്റീവ് ഇൻഡസ്ട്രീസ് മേഖലകളിലായാണ് പരിപാടികൾ സംഘടിപ്പിച്ചത്. വായന, സാങ്കേതികവിദ്യ, കൃഷി, നാടകം, കരകൗശലം എന്നിവ സംയോജിപ്പിച്ചായിരുന്നു ശിൽപശാലകൾ.

പുസ്തക കഥാപാത്രങ്ങൾക്ക് റോബോട്ടിന്റെ രൂപം

‘റോബോട്ടിക് ക്യാരക്ടർ ക്രിയേറ്റേഴ്സ്’ ശിൽപശാലയിൽ കുട്ടികൾ തങ്ങളുടെ ഇഷ്ടപ്പെട്ട പുസ്തകങ്ങളിലെ കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് അവയുടെ മാതൃകയിൽ റോബോട്ടുകൾ നിർമിച്ചു. കഥാപാത്രങ്ങളുടെ സ്വഭാവത്തിനും കഥയിലെ പ്രവർത്തനങ്ങൾക്കും അനുയോജ്യമായ ചലനങ്ങൾ പ്രോഗ്രാം ചെയ്യാനും പഠിച്ചു. സാങ്കേതികവിദ്യ ഉപയോഗിച്ച് സാഹിത്യകഥാപാത്രങ്ങളെ എങ്ങനെ സംവേദനാത്മകമാക്കാമെന്നും പുതിയ കഥകൾ സൃഷ്ടിക്കാമെന്നും കുട്ടികൾ മനസ്സിലാക്കി.

പെട്ടിക്കുള്ളിൽ കുട്ടികളുടെ സ്വന്തം നാടകം

‘തിയറ്റർ ഇൻ എ ബോക്സ്’ ശിൽപശാലയിൽ കുട്ടികൾ എഴുത്തുകാരും സംവിധായകരും അഭിനേതാക്കളുമായി. പുതിയ കഥാപാത്രങ്ങളെയും കഥകളെയും സൃഷ്ടിച്ചശേഷം അവയുടെ ശബ്ദവും അഭിനയരീതിയും നിശ്ചയിച്ചു. പാവകളെ ഉപയോഗിച്ച് ആശയങ്ങൾ നാടകദൃശ്യങ്ങളാക്കി മാറ്റി. കഥാരചന, കൂട്ടായ പ്രവർത്തനം, അഭിനയശേഷി എന്നിവ വളർത്താൻ പരിപാടി സഹായിച്ചു.

പുനരുപയോഗ പേപ്പറിൽ വിത്ത് ബോംബുകൾ

‘നേച്ചേഴ്സ് ബ്യൂട്ടി’ ശിൽപശാലയിൽ പുനരുപയോഗിച്ച പേപ്പറും ചിയ വിത്തുകളും ഉപയോഗിച്ച് കുട്ടികൾ വിത്ത് ബോംബുകൾ നിർമിച്ചു. ചെറിയ ഉരുളകളുടെ രൂപത്തിൽ തയ്യാറാക്കുന്ന ഇവ മണ്ണിൽ നട്ടാൽ ചെടികൾ വളരും. വിത്തുകൾ നടേണ്ട രീതിയും ചെടികളെ പരിപാലിക്കേണ്ടതെങ്ങനെയെന്നും കുട്ടികൾ പഠിച്ചു.

കമ്പിളിനൂലിൽ ചെറിയ ബാഗുകൾ

‘ഡിസൈൻ യുവർ ഫാബുലസ് ബാഗ്’ ശിൽപശാലയിൽ കട്ടിയുള്ള കമ്പിളിനൂലുകൾ ഉപയോഗിച്ച് കുട്ടികൾ ചെറിയ ബാഗുകൾ നിർമിച്ചു. ഇഷ്ടപ്പെട്ട നിറങ്ങൾ തിരഞ്ഞെടുത്ത് മുൻകൂട്ടി തയ്യാറാക്കിയ അടിത്തറയിൽ നൂലുകൾ കോർത്താണ് ബാഗുകൾ രൂപപ്പെടുത്തിയത്. നിർമാണം പൂർത്തിയാക്കിയവർക്ക് സ്വന്തം ഡിസൈനിലുള്ള ബാഗുകൾ വീട്ടിലേക്ക് കൊണ്ടുപോകാനും അവസരം ലഭിച്ചു.

പുസ്തകങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട മരമാഗ്നറ്റുകൾ

‘വുഡൻ മാഗ്നറ്റ്’ ശിൽപശാലയിൽ പ്രകൃതിദത്ത മരക്കഷണങ്ങൾ ഉപയോഗിച്ച് അലങ്കാര മാഗ്നറ്റുകൾ നിർമിച്ചു. പുസ്തകങ്ങൾ, വായന, കഥകളിലെ കഥാപാത്രങ്ങൾ, ചിത്രങ്ങൾ എന്നിവയിൽനിന്നാണ് കുട്ടികൾ ഡിസൈനുകൾക്ക് ആശയങ്ങൾ കണ്ടെത്തിയത്. ചിത്രങ്ങൾ, സാഹിത്യ ഉദ്ധരണികൾ, ഉണങ്ങിയ പൂക്കൾ, അലങ്കാരങ്ങൾ എന്നിവ ഉപയോഗിച്ച് ഓരോരുത്തരും തനതായ സ്മരണികകൾ ഒരുക്കി.

ശാസ്ത്രം, കല, സാങ്കേതികവിദ്യ, കരകൗശലം തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രായോഗിക പരിശീലനം നൽകുന്നതിന്റെ ഭാഗമായാണ് ഈ ശിൽപശാലകൾ സംഘടിപ്പിച്ചത്. പുതിയ കഴിവുകൾ പരീക്ഷിച്ചറിയാനും സർഗാത്മകത വളർത്താനും പരിപാടികൾ അവസരമൊരുക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക