11
Nov 2026
Wed
11 Nov 2026 Wed
UAE Partners Join Hands to Bring Books to Children Worldwide

ഷാർജ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികൾക്കും യുവാക്കൾക്കും പുസ്തകങ്ങളും അറിവും ലഭ്യമാക്കുന്നതിനായി ദി ബിഗ് ഹാർട്ട് ഫൗണ്ടേഷനും (TBHF) യുഎഇ ബോർഡ് ഓൺ ബുക്സ് ഫോർ യങ് പീപ്പിളും (UAEBBY) ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ഒപ്പുവെച്ച കരാർ പ്രകാരം യുഎഇയിലുടനീളം പുസ്തകശേഖരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കുകയും അർഹരായ കുട്ടികൾക്ക് പുസ്തകങ്ങൾ എത്തിക്കുകയും ചെയ്യും. വിവിധ രാജ്യങ്ങളിൽ ലൈബ്രറികളും വായനാ ഇടങ്ങളും സ്ഥാപിക്കുന്നതിനും നിലവിലുള്ളവ മെച്ചപ്പെടുത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടിബിഎച്ച്എഫ് അഡ്വൈസറി ബോർഡ് അംഗം മറിയം അൽ ഹമ്മാദിയും യുഎഇബിബി പ്രസിഡന്റ് മർവ അൽ അഖ്റൂബിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. പുസ്തകമേളയിലുടനീളം 10,000ത്തിലധികം പുസ്തകങ്ങൾ ശേഖരിക്കാനുള്ള സംയുക്ത ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. പുതിയ പുസ്തകങ്ങൾക്കൊപ്പം നല്ല അവസ്ഥയിലുള്ള ഉപയോഗിച്ച പുസ്തകങ്ങളും സംഭാവനയായി സ്വീകരിക്കും. ശേഖരിക്കുന്ന പുസ്തകങ്ങൾ ഫൗണ്ടേഷന്റെ മാനുഷിക, വിദ്യാഭ്യാസ പദ്ധതികളിലൂടെ അർഹരായവരിലേക്ക് എത്തിക്കും.

ടിബിഎച്ച്എഫിന്റെ ‘എജ്യുക്കേറ്റ് ദ ഹാർട്ട്’, യുഎഇബിബിയുടെ ‘കാൻ യാമ കാൻ’ എന്നീ പദ്ധതികളെ ഏകോപിപ്പിച്ചാണ് പ്രവർത്തനം. വിദ്യാർഥികൾ, സർവകലാശാലകൾ, ലൈബ്രറികൾ, വിദ്യാഭ്യാസ-സാംസ്കാരിക സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരെ പുസ്തകശേഖരണത്തിൽ പങ്കാളികളാക്കും. കുട്ടികളുടെ സാഹചര്യങ്ങൾ എന്തുതന്നെയായാലും അവരുടെ ഭാവനയും കഴിവുകളും വളർത്തുന്നതിനാവശ്യമായ അറിവും വായനാസാമഗ്രികളും ലഭ്യമാക്കേണ്ടത് പ്രധാനമാണെന്ന് മറിയം അൽ ഹമ്മാദി പറഞ്ഞു. സംഭാവനയായി ലഭിക്കുന്ന പുസ്തകങ്ങൾ യഥാർഥ ആവശ്യങ്ങൾക്കനുസരിച്ച് വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുമെന്നും അവർ വ്യക്തമാക്കി.

കരാർ പ്രകാരം യുഎഇബിബി പുസ്തകശേഖരണ ക്യാമ്പയിനുകൾക്ക് നേതൃത്വം നൽകുകയും പുസ്തകങ്ങൾ തരംതിരിച്ച് ആവശ്യാനുസരണം തയ്യാറാക്കുകയും ചെയ്യും. ടിബിഎച്ച്എഫ് പുസ്തകങ്ങൾ എത്തിക്കേണ്ട രാജ്യങ്ങളെയും സ്ഥാപനങ്ങളെയും കണ്ടെത്തും. കുട്ടികളുടെ പ്രായം, ഭാഷ, ആവശ്യമായ പുസ്തകങ്ങളുടെ എണ്ണം എന്നിവ കണക്കിലെടുത്തായിരിക്കും വിതരണം. പുതിയ ലൈബ്രറികൾ സ്ഥാപിക്കുന്നതിനും നിലവിലുള്ള വായനാകേന്ദ്രങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇരുസ്ഥാപനങ്ങളും സഹകരിക്കും. പദ്ധതികളുടെ പുരോഗതിയും ദീർഘകാല പ്രയോജനവും വിലയിരുത്തുന്നതിനും സംവിധാനമുണ്ടാകും.

2022ൽ ആരംഭിച്ച ‘എജ്യുക്കേറ്റ് ദ ഹാർട്ട്’ പദ്ധതിയിലൂടെ 30,000ത്തിലധികം വിദ്യാർഥികൾ മാനുഷിക പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുണ്ട്. 2015ൽ ആരംഭിച്ച ‘കാൻ യാമ കാൻ’ പദ്ധതിയിലൂടെ ജോർദാൻ, ലെബനൻ, മൊറോക്കോ, ഈജിപ്ത്, ഇന്ത്യ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലായി 15,000ത്തിലധികം പുസ്തകങ്ങൾ വിതരണം ചെയ്തു. യുദ്ധം, പ്രകൃതിദുരന്തം, അഭയാർഥി ജീവിതം, വിദ്യാഭ്യാസ സൗകര്യങ്ങളുടെ അഭാവം തുടങ്ങിയ സാഹചര്യങ്ങൾ നേരിടുന്ന കുട്ടികൾക്ക് വായനയിലൂടെ പുതിയ അവസരങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക