ഷാർജ: ചരിത്രപരമായ പുരാവസ്തുക്കളും രേഖകളും പരിശോധിക്കാനും സംരക്ഷിക്കാനും എക്സ്റേ, നൈട്രജൻ ചികിത്സ, ശീതീകരണം തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഷാർജ മ്യൂസിയം അതോറിറ്റിയിലെ വിദഗ്ധർ വിശദീകരിച്ചു. ഷാർജ രാജ്യാന്തര പുസ്തകമേള 2026-ൽ സംഘടിപ്പിച്ച ‘പ്രദർശനത്തിന് പിന്നിൽ: ഒരു മ്യൂസിയം അനുഭവം എങ്ങനെ ഒരുക്കുന്നു?’ എന്ന സെഷനിലാണ് മ്യൂസിയം പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്തിയത്. ഷാർജ മ്യൂസിയം അതോറിറ്റിയിലെ ഫാത്തിമ മുഹമ്മദ് അൽ അലി, ഷാർജ പുരാവസ്തു മ്യൂസിയത്തിലെ അലിയ അൽ ഖയ്യാൽ എന്നിവർ പങ്കെടുത്ത ചർച്ച ഹുസൈൻ അൽ മുല്ല നയിച്ചു.
|
പുരാവസ്തുക്കളുടെ ആന്തരിക ഘടന പരിശോധിക്കാൻ മൈക്രോസ്കോപ്പുകളും എക്സ്റേ സംവിധാനങ്ങളും ഉപയോഗിക്കുന്നതായി ഫാത്തിമ അൽ അലി പറഞ്ഞു. പുറമേ കേടുപാടുകളില്ലെന്ന് തോന്നിയ ചരിത്രപ്രധാനമായ ഒരു കഠാരയുടെ ഉള്ളിൽ എക്സ്റേ പരിശോധനയിലൂടെ തുരുമ്പും നാശവും കണ്ടെത്തിയതിനെ തുടർന്ന് അത് പൊളിച്ചുമാറ്റാതെ സംരക്ഷിക്കുകയായിരുന്നു. രേഖകളും ചിത്രങ്ങളും ഡിജിറ്റലായി പകർത്താൻ ഉയർന്ന റെസല്യൂഷനുള്ള സ്കാനറുകളും പ്രകാശം, ഈർപ്പം എന്നിവ നിരീക്ഷിക്കാൻ പ്രത്യേക ഉപകരണങ്ങളും ഉപയോഗിക്കുന്നു. പുരാവസ്തുക്കളെ നശിപ്പിക്കുന്ന കീടങ്ങളെ നിയന്ത്രിക്കാൻ ശീതീകരണവും നൈട്രജൻ ചികിത്സയും പ്രയോജനപ്പെടുത്തുന്നുണ്ട്. ചില ചികിത്സകൾക്ക് 45 ദിവസം വരെ വേണ്ടിവരുമെന്നും അവർ വ്യക്തമാക്കി.
മ്യൂസിയങ്ങളിലെ പ്രദർശനങ്ങൾ ആരംഭിക്കുന്നതോടെ പ്രവർത്തനം അവസാനിക്കുന്നില്ലെന്നും സന്ദർശകരുടെ പ്രതികരണങ്ങൾ വിലയിരുത്തി തുടർച്ചയായി മാറ്റങ്ങൾ വരുത്താറുണ്ടെന്നും അലിയ അൽ ഖയ്യാൽ പറഞ്ഞു. സന്ദർശകരുടെ സഞ്ചാരരീതി, പ്രദർശനങ്ങളോടുള്ള താൽപര്യം, ചോദ്യങ്ങൾ, അഭിപ്രായങ്ങൾ, സർവേകൾ എന്നിവ വിലയിരുത്തിയാണ് വിവരങ്ങൾ കൂടുതൽ ലളിതവും ആകർഷകവുമാക്കുന്നത്. ചരിത്രപരമായ കൃത്യത ഉറപ്പാക്കിയാണ് പ്രദർശനങ്ങളിലെ വിശദീകരണങ്ങൾ തയ്യാറാക്കുന്നത്. കുട്ടികൾ, മുതിർന്നവർ, ഗവേഷകർ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളുമായി ഇടപെടാൻ മ്യൂസിയം ഗൈഡുകൾക്ക് തുടർച്ചയായ പരിശീലനവും നൽകുന്നുണ്ട്.
അറബിക്, ഇംഗ്ലീഷ് ഭാഷകൾക്കു പുറമെ ചൈനീസ്, റഷ്യൻ ഭാഷകളിലും ഓഡിയോ ഗൈഡുകൾ ലഭ്യമാക്കുന്നുണ്ട്. പൊതുവായ ഗൈഡഡ് ടൂറുകൾക്ക് ഏകദേശം 45 മിനിറ്റ് ദൈർഘ്യമുണ്ടാകും. കുട്ടികൾക്ക് ചരിത്രവും പൈതൃകവും കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാൻ ഗെയിമുകൾ, ശിൽപശാലകൾ, അനുഭവാധിഷ്ഠിത പ്രവർത്തനങ്ങൾ എന്നിവയും ഒരുക്കുന്നു. യഥാർഥ പുരാവസ്തുക്കൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ അവയുടെ മാതൃകകൾ ഉപയോഗിച്ചാണ് ചില പ്രവർത്തനങ്ങൾ നടത്തുന്നത്. ഗവേഷണം, പുനരുദ്ധാരണം, സംരക്ഷണം, വിദ്യാഭ്യാസ പരിപാടികൾ എന്നിവ സംയോജിപ്പിച്ചാണ് ചരിത്രശേഷിപ്പുകളെ ഭാവിതലമുറയ്ക്കായി കാത്തുസൂക്ഷിക്കുന്നതെന്നും സെഷനിൽ വിശദീകരിച്ചു.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





