തിരുവനന്തപുരം: ചാല സ്വർണക്കവർച്ചാ കേസിൽ കൂടുതൽ സ്വർണം കണ്ടെത്തി. വെള്ളായണി ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിലാണ് സ്വർണം കണ്ടെടുത്തത്. കേസിലെ പ്രതിയായ അനൂപ് ഒളിപ്പിച്ച സ്വർണമാണ് പൊലീസ് കണ്ടെത്തിയത്.
|
കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. പ്രതിയെ സ്ഥലത്തെത്തിച്ച് നടത്തിയ പരിശോധനയിലാണ് കുഴിയിൽ നിന്ന് സ്വർണം കണ്ടെടുത്തത്. വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെ വിളിച്ചുവരുത്തി കണ്ടെടുത്ത സ്വർണം പരിശോധിക്കും.
കേസിൽ അറസ്റ്റിലായ അനിൽ അനൂപ്, ആന്റണി എന്നിവരെ കോടതി ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ജയറാമിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഇയാൾക്കെതിരെ നേരത്തെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
മുഖ്യപ്രതി അമുലും മാളവിക ജ്വല്ലറി ഉടമ ജയറാമും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജ്വല്ലറി ഉടമ നന്ദകുമാറിനോടുള്ള വ്യക്തിവൈരാഗ്യമാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





