19
Nov 2026
Thu
19 Nov 2026 Thu
flash flood alert in UAE

ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് താഴ്‌വരകളിലും മലമ്പ്രദേശങ്ങളിലും വെള്ളം കയറി. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. മഴയെ തുടർന്ന് വാദികൾ(മലവെള്ളച്ചാലുകൾ) കരകവിഞ്ഞൊഴുകാനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുള്ളതിനാൽ മലമ്പ്രദേശങ്ങളിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫുജൈറ, റാസൽഖൈമ, അൽ ഐനിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഴ മുന്നറിയിപ്പിനെ തുടർന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിവരെയാണ് മുന്നറിയിപ്പ്. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും മണൽക്കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഷാർജ എമിറേറ്റിന്റെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച നേരിയ ചാറ്റൽമഴയ്ക്കും സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. വെള്ളിയാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത കുറവാണ്. അതേസമയം, തീരദേശ, വടക്കൻ മേഖലകളിൽ മേഘാവൃതമായ കാലാവസ്ഥ തുടർന്നേക്കും.

വരും ദിവസം കിഴക്കൻ, വടക്കൻ മേഖലകളിൽ വീണ്ടും മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്. കനത്ത മഴയ്ക്കിടെ കാറുകളും ട്രക്കുകളും വെള്ളക്കെട്ടിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

യുഎഇയിൽ ശൈത്യകാലം ആരംഭിച്ചതോടെ മഴ കൂടുതൽ പതിവാകുന്ന സാഹചര്യത്തിൽ മലമ്പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. മലവെള്ളച്ചാലുകളിൽ പെട്ടെന്ന് വെള്ളം ഉയർന്ന് വാഹനങ്ങൾ ഒഴുകിപ്പോകാനോ ചെളിയിൽ കുടുങ്ങാനോ സാധ്യതയുള്ളതിനാൽ വാദികളിലൂടെ വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക