|
ചെന്നൈ: വീട്ടിൽ ടിന്നര്‍ ഒഴിച്ച് ചിതലിനെ നശിപ്പിക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ് 13കാരിയായ പെൺകുട്ടിക്ക് ദാരുണാന്ത്യം. ചെന്നൈ പല്ലവാരത്തിനടുത്തുള്ള ഖൈവത് ഇ മില്ലത് നഗറിലാണ് സംഭവം. ഇവിടുത്തെ ഹുസൈന് പാഷ- ആയിഷ ദമ്പതികളുടെ മകളായ ഫാത്തിമയാണ് മരിച്ചത്. ദമ്പതികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.
ചിതല് ശല്യം ഒഴിവാക്കാന്‍ വീടിന്റെ വാതിലുകളിലും മറ്റു മൂലകളിലും വീര്യം കുറഞ്ഞ ടിന്നര്‍ ഒഴിച്ച് തീവയ്ക്കുകയായിരുന്നു. എന്നാല്‍ അനിയന്ത്രിതമായി വീടിന്റെ പല ഭാഗങ്ങളിലേക്കും തീ പടര്‍ന്നതാണ് അപകട കാരണം. ഈ സമയം രക്ഷിതാക്കള്‍ക്കൊപ്പം മകള്‍ ഫാത്തിമയും വീട്ടിലുണ്ടായിരുന്നു. ചിതലിനെ നശിപ്പിക്കാന്‍ നേരത്തെ മണ്ണെണ്ണ ഒഴിച്ചിരുന്നു. എന്നാല്‍ ഫലം കാണാതെ വന്നതോടെയാണ് പെയിന്റിങ് തൊഴിലാളിയായ ഹുസൈന് ടിന്നര്‍ പ്രയോഗം നടത്തിയത്.
തീയും പുകയും പടര്‍ന്നതോടെ വീടിനു പുറത്തിറങ്ങാനാവാതെ കുടുംബം കുടുങ്ങിപ്പോയി. വാതിലുകള്‍ പൂട്ടിയതിനാലാണ് കുടുംബം ഉള്ളില്‍ കുടുങ്ങിപ്പോയതെന്ന് പൊലീസ് പറഞ്ഞു. സഹായം തേടി നില വിളിച്ചെങ്കിലും അയല്‍വാസികള്‍ക്കും കൃത്യസമയത്ത് വീട്ടിനുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ വാതില്‍ തകര്‍ത്താണ് മൂവരെയും വീട്ടില്‍ നിന്ന് പുറത്തെടുത്തത്.
ഇവരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. 60 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിലായിരുന്നു ഫാത്തിമ. ദമ്പതികള്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ ശങ്കര്‍നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ഇലക്ട്രോണിക് സാധനങ്ങള്‍ ഉള്‍പ്പെടെ വീട്ടിലെ മുഴുവന്‍ സാധനങ്ങളും കത്തി നശിച്ചു.



