|
തകർന്ന് തരിപ്പണമായി കുളമായ റോഡ് നന്നാക്കാത്ത അധികാരികൾക്കെതിരെ വേറിട്ട പ്രതിഷധവുമായി യുവാവ്. മലപ്പുറം പാണ്ടിക്കാട് ഒടോമ്പറ്റ സ്വദേശി ഹംസ പോർളിയാണ് പാണ്ടിക്കാട്ടെ റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ പ്രതിഷേധിച്ചത്. റോഡിലെ വൻ കുഴിയിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കുളിച്ചും വസ്ത്രം അലക്കിയും ചെരിപ്പ് കഴുകിയും കിടന്നുമായിരുന്നു യുവാവിന്റെ പ്രതിഷേധം.
‘പ്രതിഷേധത്തിന് സാക്ഷിയാവാനുള്ള ഭാഗ്യം’ കൃത്യസമയത്ത് ഇതുവഴി കടന്നുപോയ അഡ്വ. യു എ ലത്തീഫ് എംഎൽഎയ്ക്കുണ്ടായി. റോഡിന് നടുവിലെ കുഴിയിൽ കുളിക്കുന്ന യുവാവിനെ കണ്ട് വണ്ടി നിർത്തി ഇറങ്ങിയ എംഎൽഎയോട് ഹംസയുടെ കൂടെയുണ്ടായിരുന്നവർ ‘ഇതാണ് അവസ്ഥ’ എന്ന് പറഞ്ഞപ്പോൾ ‘ഒരു വാഴയൊക്കെ കുഴിച്ചിടൂ’ എന്നായിരുന്നു പ്രതികരണം.

‘നിങ്ങളൊന്ന് ഉശാറാകണം’ എന്ന് പറഞ്ഞപ്പോൾ, ‘ഞാനല്ല, നാലഞ്ച് വാഴ കുഴിച്ചിട്’ എന്നായിരുന്നു മറുപടി. എംഎൽഎയെ കണ്ടതോടെ യുവാവ് കൈകൾ മുകളിലേക്ക് ഉയർത്തി വെള്ളത്തിൽ ഒറ്റക്കാലിൽ നിന്നു. വ്യത്യസ്ത പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പകർത്തി നാട്ടുകാരും വഴിയാത്രക്കാരും പിന്തുണയറിയിച്ചു.
ഇതുവഴി പോവുന്ന പാണ്ടിക്കാട്- പാലക്കാട് ഹൈവേ, പെരിന്തൽമണ്ണ- ഊട്ടി റോഡ് എന്നിവയിലൂടെയുള്ള യാത്ര ജനങ്ങളുടെ നട്ടെല്ലൊടിക്കുന്നതാണ്. മഴ കനത്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്.

റോഡിന്റെ തകർച്ചയ്ക്കെതിരെ നാട്ടുകാരും രാഷ്ട്രീയപാർട്ടികളും വിവിധ തരം പ്രതിഷേധങ്ങൾ നടത്തിയെങ്കിലും അധികൃതർ കണ്ടതായി ഭാവിച്ചിട്ടില്ല. ഇതോടെയാണ് റോഡിന്റെ പ്രശ്നം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലേക്ക് എത്തിക്കാൻ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് കലാകാരൻ കൂടിയായ ഹംസ പറഞ്ഞു. വാഴ നടലൊക്കെ പതിവായതിനാലാണ് കുളിച്ച് പ്രതിഷേധിച്ചതെന്നും ഹംസ പറഞ്ഞു.
ഇവിടുത്തെ മൂന്ന് റോഡുകളും മൂന്ന് മാസം മുമ്പ് റീടാർ നടന്നവയാണ്. എന്നാൽ മഴയെത്തിയപ്പോഴേക്ക് റോഡിന്റെ അവസ്ഥ ഇതാണെങ്കിൽ ഇതിന് കാരണം ഉദ്യോഗസ്ഥരും കരാറുകാരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്നും ഹംസ തുറന്നടിച്ചു. സുഹൃത്തുക്കളായ അസർ മുഹമ്മദ്, നസീം ഒടോമ്പറ്റ, ഷിനോജ് പരിയാരത്ത്, ഫർഹാൻ കുറ്റിപ്പുളി എന്നിവരാണ് ഹംസയ്ക്കൊപ്പം ഉണ്ടായിരുന്നത്.



