23
Aug 2022
Mon
23 Aug 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആര്‍എസ്എസ് സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ ഉദ്ഘാടകയായി സിപിഐഎം മേയര്‍. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പാണ് ബാലഗോകുലത്തിന്റെ മാതൃസമ്മേളനത്തില്‍ ഉദ്ഘാടകയായെത്തിയത്. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നവരെന്നും ഉദ്ഘാടന പ്രസം​ഗത്തിൽ മേയര്‍ കുറ്റപ്പെടുത്തുകയും ചെയ്തു.

 

പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ല എന്നതിലല്ല ബാല്യകാലത്ത് കുട്ടികള്‍ക്ക് എന്തു കൊടുക്കുന്നു എന്നതാണു പ്രധാനമെന്നും ബീന ഫിലിപ്പ് വേദിയില്‍ പറഞ്ഞു. ശ്രീകൃഷ്ണ പ്രതിമയിൽ തുളസി മാല ചാർത്തിയാണ് മേയർ വേദിയിലെത്തിയത്. ബാലഗോകുലത്തിന്റേതായ മനസിലേക്ക് അമ്മമാർ എത്തണമെന്നും മേയർ പറഞ്ഞു.

 

‘ശ്രീകൃഷ്ണ രൂപം മനസിലുണ്ടാവണം. പുരാണ കഥാപാത്രങ്ങളെ മനസിലേക്കു ഉൾക്കൊള്ളണം. ഉണ്ണിക്കണ്ണനോടു ഭക്തി ഉണ്ടായാൽ  ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ല. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാൻ കഴിയണം. അപ്പോൾ കുട്ടികളിലും ഭക്തിയും സ്നേഹവും ഉണ്ടാവും’. മേയർ അഭിപ്രായപ്പെട്ടു.

 

ആര്‍എസ്എസ് ആശയത്തിലേക്ക് കുട്ടികളെ ആകര്‍ഷിക്കാനാണ് ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നതെന്നായിരുന്നു സിപിഐഎം നിലപാട്. പാര്‍ട്ടി അനുഭാവികളായ കുട്ടികള്‍ അത്തരം ശോഭായാത്രകളില്‍ പങ്കെടുക്കുന്നത് സിപിഐഎം വിലക്കുകയും ചെയ്തിരുന്നു.

 

കൂടാതെ, ബാലസംഘത്തിന്റെ നേതൃത്വത്തില്‍ ബദല്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നിരിക്കെയാണ് അതിന് വിരുദ്ധമായി ബാല​ഗോകുലം പരിപാടിക്കെത്തി സിപിഐഎം മേയർ ഉദ്ഘാടനം ചെയ്തത്. മേയറുടെ ആർഎസ്എസ് വേദിയിലെ സാന്നിധ്യം വിവാദമായിട്ടുണ്ട്.