രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ മോഷണക്കുറ്റമാരോപിച്ച് നിരപരാധിയായ പച്ചക്കറി വ്യാപാരിയെ തല്ലിക്കൊന്നു. രാജസ്ഥാനിലാണ് സംഭവം. അമ്പതുകാരനായ ചിരഞ്ജി ലാല്‍ സൈനിയാണ് കൊല്ലപ്പെട്ടത്. 25ഓളം വരുന്ന സംഘമാണ് ചിരഞ്ജിയെ ക്രൂരമായി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ചിരഞ്ജി ജയ്പൂര്‍ ആശുപത്രിയിലാണ് മരിച്ചത്.
|
വെളിക്കിറങ്ങാന്‍ പാടത്തേക്കിറങ്ങിയ സമയത്താണ് ചിരഞ്ജി ലാലിനെ മോഷണക്കുറ്റമാരോപിച്ച് ഒരുസംഘമാളുകള്‍ പിടികൂടിയത്. ട്രാക്ടര്‍ മോഷ്ടിച്ചുകൊണ്ടുവന്നവരെ പിന്തുടര്‍ന്ന് വന്നതായിരുന്നു ഇവര്‍. വാഹനത്തിന്റെ ഉടമയും പൊലീസും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
പൊലീസും ആളുകളും പിന്തുടരുന്നതറിഞ്ഞ് മോഷ്ടാക്കള്‍ ട്രാക്ടര്‍ പാടത്തുപേക്ഷിച്ച് രക്ഷപ്പെട്ടു. ഈ സമയമായിരുന്നു പച്ചക്കറി വ്യാപാരിയായ ചിരഞ്ജി ലാല്‍ വെളിക്കിറങ്ങാന്‍ പാടത്തെത്തിയത്. ഇതോടെ ചിരഞ്ജി ലാല്‍ ആണ് ട്രാക്ടര്‍ മോഷ്ടിച്ചതെന്ന സംശയത്തില്‍ സംഘം ഇദ്ദേഹത്തെ മര്‍ദ്ദിക്കുകയായിരുന്നു.
പൊലീസ് എത്തി ചിരഞ്ജി ലാലിനെ ആശുപത്രിയിലേക്ക് നീക്കിയെങ്കിലും വൈകാതെ മരിക്കുകയാണുണ്ടായത്. ചിരഞ്ജി ലാലിനെ കൊലപാതകത്തിനെതിരേ പ്രതിഷേധം രൂപപ്പെടുകയും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയു ചെയ്തു. ചിരഞ്ജി ലാലിന്റെ മക്കളുടെ പരാതിയെത്തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഗോവിന്ദഗഡ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ശ്യാംലാല്‍ മീണ അറിയിച്ചു.



