|
ഭക്ഷ്യമന്ത്രി ജി ആർ അനിലിനോട് കയർത്ത് സംസാരിച്ച വട്ടപ്പാറ സി ഐ ഗിരിലാലിനെ വിജിലൻസിലേക്ക് സ്ഥലംമാറ്റി. സിഐ ഗിരിലാൽ മന്ത്രിയോട് അപമര്യാദയായി പെരുമാറിയതായി കാട്ടി മന്ത്രിയുടെ ഓഫിസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതിനെ തുടർന്നാണ് നടപടി. മന്ത്രിയോട് ഫോണിൽ സംസാരിക്കുമ്പോൾ സിഐ മദ്യലഹരിയിലായിരുന്നെന്നും പരാതിയിലുണ്ട്.
മന്ത്രി സംയമനം പാലിക്കാൻ ശ്രമിച്ചപ്പോൾ സിഐ മന്ത്രിയോട് അനാവശ്യമായി തട്ടിക്കയറിയെന്നാണ് പരാതി. മന്ത്രിയും ഗിരിലാലും തമ്മിലുള്ള ഫോൺസംഭാഷണം ഇന്ന് പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. രണ്ടാം ഭർത്താവ് മകളെ ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നെടുമങ്ങാട് സ്വദേശിയായ വീട്ടമ്മ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാത്തതിനെക്കുറിച്ച് ആരാഞ്ഞാണ് സ്ഥലം എംഎല്എ കൂടിയായ മന്ത്രി സിഐയെ ഫോണിൽ വിളിച്ചത്.
ന്യായം നോക്കിയേ താൻ നടപടി സ്വീകരിക്കൂ എന്നാണ് സിഐയുടെ മറുപടി. ഒരു സ്ത്രീ നൽകിയ ഇത്തരമൊരു പരാതിയിൽ നടപടി സ്വീകരിക്കാതെ ന്യായം നോക്കുമെന്ന സിഐയുടെ പ്രതികരണത്തെ തുടർന്ന് മന്ത്രി ഇതു ചോദ്യം ചെയ്തപ്പോൾ താൻ കപ്പ വിൽക്കുവല്ലെന്നടക്കമുള്ള മറുപടിയാണ് സിഐ നൽകുന്നത്. ആളെ ഇന്നു തന്നെ തൂക്കിയെടുക്കാമെന്നല്ലേ പറയേണ്ടതെന്ന് മന്ത്രി ചോദിക്കുമ്പോൾ ആളെ പോയി തൂക്കിയെടുത്തുകൊണ്ട് വന്നാൽ നാളെ ഞങ്ങളെ ആരും സംരക്ഷിക്കാൻ കാണില്ലെന്ന് സിഐ മറുപടി പറയുന്നു. സാറ് കൂടുതലൊന്നും പറയണ്ട ഞാനും ഫോൺ ടേപ്പ് ചെയ്യുന്നുണ്ടെന്നും സിഐ മന്ത്രിയോടു പറയുന്നുണ്ട്.



