23
Aug 2022
Tue
23 Aug 2022 Tue

ഉച്ചഭാഷിണിയിലൂടെയുള്ള പള്ളികളിലെ ബാങ്കുവിളി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി കർണാടക ഹൈക്കോടതി തള്ളി. ഇതര വിശ്വാസികളുടെ വികാരം മുറിപ്പെടുത്തുന്ന വാക്കുകളൊന്നും ബാങ്ക് വിളിയിലില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹരജി തള്ളിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ചീഫ് ജസ്റ്റിസ് അലോക് അരാധേ, ജസ്റ്റിസ് എസ് വിശ്വജിത് ഷെട്ടി എന്നിവരാണ് ഹരജി പരി​ഗണിച്ചത്. ബാങ്കുവിളിയിലെ വാചകങ്ങൾ ഇതര മതസ്ഥരുടെ അടിസ്ഥാന അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ഹരജിക്കാരൻ ആരോപിച്ചിരുന്നു. 

 

ബം​ഗളുരു സ്വദേശിയായ ആർ ചന്ദ്രശേഖർ ആണ് പള്ളികളിൽ നിന്ന് ഉച്ചഭാഷിണിയിൽ ബാങ്ക് വിളിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് കോടതിയിലെത്തിയത്. അല്ലാഹു വലിയവനാണ് എന്ന ബാങ്ക് വിളിയിലെ വിശേഷണം ഇതര വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ മഞ്ജുനാഥ് എസ് ഹലാവർ വാദിച്ചു. 

 

ഭരണഘടനയുടെ 25ഉം 26ഉം അനുച്ഛേദങ്ങൾ മതസഹിഷ്ണുതയുടെ തത്വങ്ങളാണ് വിവരിക്കുന്നതെന്നും ഇത് ഇന്ത്യൻ സംസ്കാരത്തിന്റെ പ്രത്യേകതയാണെന്നും കോടതി വ്യക്തമാക്കി. മതവിശ്വാസം പ്രചരിപ്പിക്കാനും മതത്തിൽ വിശ്വസിക്കാനും വ്യക്തികൾക്ക് ഭരണഘടനയുടെ 25ാം അനുച്ഛേദം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ ഇത് ധാർമികതയുടെയും പൊതു സുരക്ഷയുടെയും അടിസ്ഥാനത്തിൽ നിബന്ധനകൾക്ക് വിധേയമാണെന്നും കോടതി നീരീക്ഷിച്ചു. 

 

അതേസമയം ഉച്ചഭാഷിണികൾ അനുവദനീയമായതിലും ശബ്ദമലിനീകരണം നടത്തുന്നുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനു നിർദേശം നൽകി. എട്ടാഴ്ചയ്ക്കകം ഇതുസംബന്ധിച്ച വിശദീകരണം നൽകണമെന്നും കോടതി അധികൃതരോടു നിർദേശിച്ചിട്ടുണ്ട്.