22
Aug 2022
Wed
22 Aug 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോക്സോ കേസിലെ ഇരയും പ്രതിയും ഒന്നിച്ച് താമസം ആരംഭിക്കുകയും ദമ്പതികൾക്ക്  കുഞ്ഞു പിറക്കുകയും ചെയ്ത പശ്ചാത്തലത്തിൽ  പ്രതിക്കെതിരേയുളള കേസ് കർണാടക ഹൈക്കോടതി തള്ളി. ഇരയ്ക്ക് 17 വയസ്സുളളപ്പോഴാണ് പ്രതി കുറ്റകൃത്യം ചെയ്തത്. പിന്നീട് 18 മാസത്തെ ജയിൽ ശിക്ഷ കഴിഞ്ഞ വന്ന പ്രതി ഇരയെ വിവാഹം ചെയ്യുകയായിരുന്നു. അതിൽ ഒരു കുഞ്ഞു പിറക്കുകയും ചെയ്തു. എന്നാൽ കുഞ്ഞു പിറന്നിട്ടും കോടതിയിൽ കേസ് തുടരുകയും കുഞ്ഞുമായി ഇരുവരും കേസിന് ഹാജരാകുകയും ചെയ്തുവരികയായിരുന്നു. ഇതിനിടയിലാണ് കേസിൽ ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. 

 

വിവാഹത്തിന് ശേഷം വിചാരണ വേളയിൽ ഇര പ്രതിക്കെതിരായി യാതൊരു ശത്രുതയും പ്രകടിപ്പിച്ചിട്ടില്ല. മാത്രമല്ല, പ്രതിയും ഇരയും ഒരു കുഞ്ഞിനെ വളർത്തി ഒരുമിച്ചു ജീവിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ പ്രതിയെ ശിക്ഷിക്കുന്നത് നിയമത്തിന്റെ അന്തസത്തയ്ക്കെതിരാണെന്നും കോടതി നിരീക്ഷിച്ചു. അതിനാൽ പ്രൊസിക്യൂഷന്റെ എതിർപ്പ് അവഗണിച്ച് കേസ് അവസാനിപ്പിക്കണമെന്ന് ഹരജിക്കാരോട്  ഹൈക്കോടതി നിർദേശിച്ചു. ഇരുവരും തങ്ങളുടെ കുഞ്ഞിനെ വളർത്തിവരുന്ന സാഹര്യത്തിൽ ഒരാൾക്കെതിരേ നിയമനടപടി സ്വീകരിക്കുന്നത് യഥാർഥത്തിൽ നീതിനിഷേധമാണെന്ന് ജസ്റ്റിസ് നാഗപ്രസന്ന നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. 

 

പ്രായപൂർത്തിയാകാത്ത തങ്ങളുടെ മകളെ കാണാനില്ലെന്ന് കാണിച്ച് ഇരയുടെ രക്ഷിതാക്കൾ ആണ് 2019 ൽ കേസ് നൽകിയത്. അതുപ്രകാരം പോക്‌സോ കുറ്റവും ബലാത്സംഗ കുറ്റവും പ്രതിക്കുമേൽ ചുമത്തുകയായിരുന്നു. പിന്നീട്  18 മാസം ജയിലിൽ കിടന്ന ശേഷം പ്രതിക്ക് ജാമ്യം ലഭിക്കുകയായിരുന്നു. പ്രതി വിവാഹം ചെയ്യത് ഇരയോടൊപ്പം ജീവിതം ആരംഭിച്ചിട്ടും പ്രോസിക്യൂഷൻ കേസ് നടപടികൾ തുടരുകയായിരുന്നു. ഇത്തരം കേസുകൾ ഭരണഘടനാകോടതികൾ റദ്ദാക്കിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കർണാടക ഹൈക്കോടതി ചൂണ്ടിക്കാട്ടി.