|
ജന്മാഷ്ടമി ആഘോഷത്തിന്റെ ഭാഗമായുള്ള മംഗള ആരതിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ ഫയര്‍മാൻ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ മഥുരയിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇയാളെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ആരതിക്കിടെ ഇയാള്‍ ഒരു സ്ത്രീയെ ശല്യം ചെയ്യുന്നതിന്റെ വീഡിയോ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ വീഡിയോ പരിശോധിച്ച ശേഷം ഇയാള്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് അഭിഷേക് യാദവ് പറഞ്ഞു.
സ്ത്രീ പലതവണ എതിര്‍ത്തിട്ടും ഫയര്‍മാന്‍ വീണ്ടും മോശമായി പെരുമാറുകയായിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ മുഖം മറച്ച് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്രത്തിന് പുറത്ത് നിയോഗിച്ചിരുന്ന ഫയര്‍മാന്‍ ആണ് ഇയാളെന്ന് ക്ഷേത്രത്തില്‍ നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ദൃശ്യങ്ങള്‍ പൊലീസ് ചീഫ് ഫയര്‍ ഓഫീസര്‍ പ്രമോദ് ശര്‍മയെ കാണിക്കുകയും അദ്ദേഹം പ്രതിയെ തിരിച്ചറിയുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കുറ്റാരോപിതനായ ഫയര്‍മാന്‍ അന്വേഷണത്തിന്റെ കാലാവധി വരെ സസ്പെന്‍ഷനില്‍ തുടരുമെന്നും അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ചീഫ് ഫയര്‍ ഓഫീസര്‍ പറഞ്ഞു.



