22
Aug 2022
Mon
22 Aug 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: കർണാടക സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിന് എതിരായ ഹരജികളിൽ ഇടപെട്ട് സുപ്രീംകോടതി. സംഭവത്തിൽ കർണാടക സർക്കാരിന് കോടതി നോട്ടീസ് അയച്ചു. ഹരജികൾ അടുത്ത തിങ്കളാഴ്ച്ച വീണ്ടും പരി​ഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. കർണാടക സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി ശരിവച്ചതിനെതിരെയാണ് ഹരജിക്കാർ മേൽക്കോടതിയെ സമീപിച്ചത്.

 

ഹരജി പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ഹരജിക്കാരിൽ ചിലർ ആവശ്യപ്പെട്ടതിനെ കോടതി വിമർശിച്ചു. അടിയന്തരമായി പരിഗണിക്കുന്നില്ലെന്ന് പരാതി ഉയർത്തിയ ഹരജിക്കാർ തന്നെ, കേസ് പരിഗണനയ്ക്ക് വരുമ്പോൾ മാറ്റിവയ്ക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും താൽപ്പര്യമുള്ള ബെഞ്ചിന് മുമ്പാകെ ഹരജി വരുത്തിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

 

ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് ഹിജാബ് നിരോധനത്തിന് എതിരായ ഹരജികൾ പരിഗണിക്കുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ മതാചാരത്തിന്റെ ഭാഗമല്ലെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരെ നിരവധി ഹരജികളാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

 

സംസ്ഥാന സർക്കാർ നടപടി ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാർഥികൾ ആറ് മാസം മുമ്പേ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജികൾ അടിയന്തരമായി പരിഗണിക്കാൻ തയ്യാറായിരുന്നില്ല. ഹരജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുമ്പേ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ തടസ ഹരജിയും ഫയൽ ചെയ്തിട്ടുണ്ട്. ഈ സ്റ്റേ ആവശ്യത്തിലും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

 

മാര്‍ച്ച് 15നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. ഹിജാബ് ഇസ്‌ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്നായിരുന്നു കോടതി നിരീക്ഷണം. മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്, സമസ്ത തുടങ്ങിയ സംഘടനകളാണ് ഹിജാബ് നിരോധന ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.