രാഹുല്‍ ഗാന്ധി നല്ല മനുഷ്യനാണെന്നും പക്ഷേ രാഷ്ട്രീയത്തിനുള്ള അഭിരുചി അദ്ദേഹത്തിനില്ലെന്നും കോണ്‍ഗ്രസ് പ്രാഥമികാംഗത്വം ഉപേക്ഷിച്ച മുന്‍ നേതാവ് ഗുലാം നബി ആസാദ്. രാഹുല്‍ ഗാന്ധിയുടേത് അപക്വമായ പെരുമാറ്റമാണെന്നും കോണ്‍ഗ്രസിലെ കൂടിയാലോചനാ സംവിധാനം അദ്ദേഹം തകര്‍ത്തുവെന്നും ആരോപിച്ചായിരുന്നു ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത്. ബിജെപിയില്‍ ചേരാനുള്ള സാധ്യത തള്ളിക്കളഞ്ഞ ഗുലാം നബി ആസാദ് ജമ്മു ആന്‍ഡ് കശ്മീരില്‍ സ്വന്തം പാര്‍ട്ടി സ്ഥാപിക്കുമെന്നും കോണ്‍ഗ്രസ് വിട്ടതിനു ശേഷം വ്യക്തമാക്കിയിരുന്നു.
|
നേരത്തേ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ 25 അംഗങ്ങളും 50 ക്ഷണിതാക്കളുമാണുള്ളത്. 1998നും 2004നും ഇടയില്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ മെച്ചമായിരുന്നു. മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ചായിരുന്നു അവര്‍ കാര്യങ്ങള്‍ ചെയ്തിരുന്നത്. രാഹുല്‍ ഗാന്ധി വന്നതു മുതല്‍ സോണിയാ ഗാന്ധി രാഹുലിനെയാണ് കൂടുതലായി ആശ്രയിക്കുന്നത്. അത് ചെയ്യുന്നതിനുള്ള അഭിരുചി രാഹുലിനില്ല. രാഹുല്‍ ഗാന്ധിയുമായി ഏവരും സഹകരിക്കണമെന്നാണ് സോണിയയുടെ ആഗ്രഹമെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.
നാളുകളായി പാര്‍ട്ടിയുടെ തിരുത്തല്‍ വിഭാഗമായി നിലനില്‍ക്കുന്ന ഗുലാം നബി ആസാദ് പാര്‍ട്ടിയുടെ നേതൃമാറ്റമടക്കമുള്ള വിഷയങ്ങളുന്നയിച്ച് കലാപക്കൊടി ഉയര്‍ത്തിവരികയായിരുന്നു. കോണ്‍ഗ്രസിന്റെ ജമ്മു ആന്‍ഡ് കശ്മീര്‍ പ്രചാരണവിഭാഗം തലവനായി നിയോഗിതനായ ഗുലാം നബി ആസാദ് സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വവും ഉപേക്ഷിച്ചത്.



