പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനു മുമ്പ് ജനനത്തിയ്യതി അറിയാൻ ആരും ആധാർകാർഡോ പാൻ കാർഡോ പരിശോധിക്കാറില്ലെന്നു ഡൽഹി ഹൈക്കോടതി. ഹണിട്രാപ് കേസിൽ കുറ്റാരോപിതന് ജാമ്യം അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പുരുഷന്മാർക്കെതിരേ പീഡനപരാതി നൽകി സ്ഥിരമായി പണം തട്ടുന്ന സ്വഭാവക്കാരിയാണോ പരാതിക്കാരിയെന്ന് വിശദ അന്വേഷണം നടത്തി കണ്ടെത്തണമെന്നും കോടതി പൊലീസിന് നിർദേശം നൽകി.
|
പരസ്പരസമ്മതത്തോടെ ലൈംഗികബന്ധത്തിലേർപ്പെട്ടപ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരി കോടതിയെ സമീപിക്കുകയായിരുന്നു. ആദ്യം സമ്മതത്തോടെ ലൈംഗികബന്ധത്തിലേർപ്പെട്ടുവെന്നും പിന്നീട് തന്നെ ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്തുവെന്നും യുവതി പരാതിയിൽ ആരോപിച്ചു.
കേസ് പരിഗണിച്ച കോടതി പരസ്പരസമ്മതത്തോടെ ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം പിന്നീട് അന്ന് തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ പരാതിക്കാരിയോട് ആ സാഹചര്യത്തിൽ ആധാർകാർഡോ പാൻകാർഡോ സ്കൂൾ രേഖയോ പരിശോധിച്ച് കുറ്റാരോപിതന് പങ്കാളിയുടെ ജനനത്തിയ്യതി അറിയേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
കുറ്റാരോപിതനായ യുവാവിൽ നിന്ന് യുവതി ഒരു വർഷം കൊണ്ട് അമ്പത് ലക്ഷം രൂപ കൈപ്പറ്റിയിരുന്നുവെന്നും കോടതി കണ്ടെത്തി. യുവാവിനെതിരേ പരാതി നൽകുന്നതിന് ഒരാഴ്ച മുമ്പും യുവതി ബാങ്ക് അക്കൗണ്ട് മുഖേന പണം സ്വീകരിച്ചിരുന്നുവെന്നും കോടതിക്ക് വ്യക്തമായി.
ജസ്റ്റിസ് ജസ്മീത് സിങ് ആണ് കേസ് പരിഗണിച്ചത്. നിരപരാധികളായ യുവാക്കളെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടുന്ന സംഭവങ്ങൾ അധികരിച്ചുവരികയാണെന്നും ജസ്റ്റിസ് നിരീക്ഷിച്ചു. കുറ്റാരോപിതനു വേണ്ടി ഹാജരായ അഭിഭാഷൻ പരാതിക്കാരിക്ക് മൂന്ന് ജനനത്തിയ്യതി ആണുള്ളതെന്നും കോടതിയെ ബോധിപ്പിച്ചു. ആധാർ കാർഡിൽ 1998 ജനുവരി 1ഉം പാൻകാർഡിൽ 2004ലും പൊലീസ് റെക്കോഡ് പ്രകാരം 2005 ജൂണുമാണ് യുവതിയുടെ ജനനത്തിയ്യതിയെന്ന് യുവാവിന്റെ അഭിഭാഷകൻ തെളിവുസഹിതം വ്യക്തമാക്കി.



