23
Aug 2022
Tue
23 Aug 2022 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ഡോ. ഫസൽ ​ഗഫൂറിന്റെ നേതൃത്വത്തിലുള്ള എംഇഎസ് കോളജില്‍ ബി.കോം സീറ്റിന് ഒന്നേകാൽ ലക്ഷം രൂപ ഡൊണേഷൻ ചോദിച്ചെന്ന ആരോപണവുമായി കെഎംസിസി നേതാവ് പുത്തൂര്‍ റഹ്മാന്‍. വയനാട് ജില്ലയിലെ മിടുക്കിയായ പെണ്‍കുട്ടിയുടെ പ്രവേശനത്തിനായി എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനോടു പോലും സംസാരിച്ചെന്നും ഒരു ഫലവമുണ്ടായില്ലെന്നും മുസ്‌ലിം ലീഗ് പ്രവാസി സംഘടനയുടെ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.

 

മുസ്‌ലിം സമുദായത്തിലെ പിന്നാക്കക്കാരെ വിദ്യാഭ്യാസ രംഗത്ത് കൈപിടിച്ചു കൊണ്ടുവരാനാണ് 1964ല്‍ എംഇഎസ് സ്ഥാപിതമായതെന്നും എന്നാൽ ഇപ്പോള്‍ അത് വിദ്യാഭ്യാസ കച്ചവടത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നുവെന്നും പുത്തൂര്‍ റഹ്മാന്‍ വിമര്‍ശിക്കുന്നു. 94% മാര്‍ക്കുള്ള പെണ്‍കുട്ടിക്കാണ്, ഫീസ് കൊടുക്കണമെങ്കില്‍ ആരുടെയെങ്കിലും സഹായം കിട്ടേണ്ടത്ര ദുര്‍ഗതിയുള്ള ഒരു പാവപ്പെട്ട കുടുംബത്തിലെ വിദ്യാർഥിനിക്കാണ് ഈ ദുരനുഭവമുണ്ടായതെന്നും അദ്ദേഹം പറയുന്നു.

 

ഒടുവിൽ ഡൊണേഷനായി ചോദിച്ച തുക സംഘടിപ്പിച്ച് കോളജിലെത്തിയപ്പോള്‍ ഒരു വര്‍ഷത്തെ ഫീസും ഹോസ്റ്റല്‍ ഫീസും ഒരുമിച്ച് വേണമെന്ന് പറഞ്ഞെന്നും നമ്മുടെ വിദ്യാഭ്യാസ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും അവയുടെ മേധാവികളും ഇന്നെത്തിനില്‍ക്കുന്ന ലാഭക്കൊതികളുടെ ഇരയായി ഒരു സാധു പെണ്‍കുട്ടിയുടെ പഠനം മുടങ്ങിക്കൂടാ എന്ന് കരുതി അതും നല്‍കി പ്രവേശനം നേടിക്കൊടുത്തെന്നും പുത്തൂര്‍ റഹ്മാന്‍ പറയുന്നു.

 

മുസ്‌ലിം എജ്യുക്കേഷണല്‍ സൊസൈറ്റി എന്ന പേരില്‍ മുന്‍ഗാമികള്‍ ആരംഭിച്ച ഒരു മൂവ്‌മെന്റ് ഇങ്ങനെയാണോ മുന്നോട്ടുപോവേണ്ടത്. ഇങ്ങനെ എത്ര പാവങ്ങള്‍ എംഇഎസ് സ്ഥാപനങ്ങളുടെ പടിവാതില്‍ക്കല്‍ നിന്ന് കണ്ണീരോടെ ഇറങ്ങിപ്പോയിട്ടുണ്ടാവും. ഏറ്റവും നന്നായി പഠിക്കുന്ന ഏറ്റവും പാവപ്പെട്ട കുട്ടികളോടെങ്കിലും ഇവര്‍ക്ക് അല്പം ദയ കാണിച്ചു കൂടേയെന്നും അദ്ദേഹം ചോദിക്കുന്നു.

 

പുത്തൂർ റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.

എം.ഇ.എസ് മേധാവികളേ..
നിങ്ങള്‍ക്ക് ഒരല്‍ല്പം കനിവുണ്ടാവണം,
ലേശം ചരിത്രബോധവും..
വയനാട് ജില്ലയില്‍ നിന്നുള്ള മിടുക്കിയായ ഒരു പെണ്‍കുട്ടിക്ക് വളാഞ്ചേരി എം.ഇ.എസ് കോളേജില്‍ ബി.കോമിനൊരു സീറ്റ് വേണം. അവളുടെ ആഗ്രഹം അറിഞ്ഞ ആരോ എന്റെ നമ്പര്‍ തപ്പിപ്പിടിച്ചു അവള്‍ക്ക് കൊടുത്തു. എന്നെക്കൊണ്ട് അവളെ സഹായിക്കാനാകുമെന്ന് കരുതി ആ പെണ്‍കുട്ടി എന്നെ വിളിച്ചു. നാട്ടില്‍ നിന്നും ഇങ്ങോട്ടു വിളിക്കുന്ന ഒരു ചെറുപ്പക്കാരിയല്ലേ, അവളുടെ പഠിക്കാനുള്ള താല്പര്യം മനസ്സിലാക്കി എന്നെക്കൊണ്ടാവുന്ന സഹായം ചെയ്യമെന്ന് പറഞ്ഞു ഞാനവളുടെ സഹായാഭ്യര്‍ഥന സ്വീകരിച്ചു.

കുട്ടിക്ക് 94% മാര്‍ക്കുണ്ട്. അവള്‍ക്കൊരു ഒരു സീറ്റിനായി വലിയ പ്രയാസമുണ്ടാവില്ലെന്നു ഞാന്‍ കരുതിയെങ്കിലും എല്ലാ വാതിലിലും മുട്ടിയിട്ടും ഫലം കാണാനാവുന്നില്ല എന്ന അവസ്ഥ. എനിക്ക് പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ അനുഭവിക്കുന്ന ദുരവസ്ഥകള്‍ ഓര്‍ത്ത് ദുഖം തോന്നി. അവസാനം ആബിദ് ഉസൈന്‍ തങ്ങള്‍ എം.എല്‍.എ യുടെ ഇടപെടലിലൂടെ ഒരു സീറ്റു കിട്ടി. വളാഞ്ചേരി എം.ഇ.എസ് കോളേജില്‍ അഡ്മിഷനു ചെന്നപ്പോഴാണറിയുന്നത് 1,25,000 രൂപ ഡോണേഷന്‍ കൊടുക്കണം. ഫീസ് കൊടുക്കാന്‍ കഴിയണമെങ്കില്‍ ആരുടെയെങ്കിലും സഹായം കിട്ടേണ്ടത്ര ദുര്‍ഗതിയുള്ള ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമാണവള്‍. അവള്‍ എന്നെ വിളിച്ചു സങ്കടപ്പെട്ടു. എങ്ങനെയായാലും അവളെ സഹായിക്കണമെന്നുള്ള ആഗ്രഹത്തോടെ ഞാന്‍ പലരുമായും ബന്ധപ്പെട്ടു.

എം.ഇ.എസ് പ്രസ്ഥാനത്തിന്റെ ഒരു മുന്‍ഭാരവാഹി എന്ന നിലയില്‍ വളാഞ്ചേരിയിലെ കോളേജ് പ്രിന്‍സിപ്പാളെയും ചെയര്‍മാനെയും വിളിച്ചു ഡൊണേഷന്‍ തുക കുറച്ചുതരാന്‍ അപേക്ഷിച്ചു നോക്കി. അപ്പോള്‍ ചെയര്‍മാന്റെ പ്രതികരണം ഇവിടെ സീറ്റില്ല, എല്ലാം ഫുള്‍ ആയല്ലോ എന്നായിരുന്നു. എന്നുവെച്ചാല്‍ ചോദിക്കുന്ന ഡൊണേഷന്‍ തരാന്‍ തയാറുള്ള ആളുകളുണ്ട്, താന്‍ വേറെ വഴി നോക്കെന്നു തന്നെ അര്‍ത്ഥം. എം.ഇ.എസിന്റെ യു.എ.ഇയിലെ ഭാരവാഹികളോട് അപേക്ഷിച്ചുനോക്കാമെന്ന് കരുതി അവരെയും ഞാന്‍ ബന്ധപ്പെട്ടു. ഫലമൊന്നുമുണ്ടായില്ല. എം.ഇ.എസ് പ്രസിഡന്റും ഞങ്ങളുടെയൊക്കെ സുഹൃത്തുമായ സാക്ഷാല്‍ ഫസല്‍ ഗഫൂറിനെയും വിളിച്ചു. ഒരാളും ഡൊണേഷന്‍ തുക ഒന്നു കുറച്ച് ആ പാവപ്പെട്ട പെണ്‍കുട്ടിയെ സഹായിക്കാന്‍ തയാറല്ല എന്ന് ബോധ്യപ്പെട്ടതു മാത്രം മിച്ചം.

എനിക്ക് ആ കുട്ടിയുടെ ആഗ്രഹം സഫലമാക്കണം എന്ന വാശിയുണ്ടായി. ഡോണേഷന്‍ ആയി അവരാവശ്യപ്പെട്ട തുകയുമായി എന്റെ ഒരു സുഹൃത്ത് എം.ഇ.എസ് കോളേജില്‍ ചെന്നു. അപ്പോഴാണ് ശരിക്കും ഞങ്ങള്‍ അമ്പരന്നത്. അവിടുത്തെ ഓഫീസ് അധികൃതര്‍ പറയുകയാണ്, ഒരു കൊല്ലത്തെ മുഴുവന്‍ ഫീസും ഹോസ്റ്റല്‍ ഫീസും മുന്‍കൂറായി കെട്ടിവെച്ചാലേ അഡ്മിഷന്‍ തരാനാവൂ. അവസാനം എല്ലാ ഫീസും കെട്ടിവെച്ചു കുട്ടിക്ക് അഡ്മിഷന്‍ വാങ്ങിച്ചുകൊടുത്തു.

അവള്‍ പഠിക്കട്ടെ. നമ്മുടെ വിദ്യാഭ്യാസ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും അവയുടെ മേധാവികളും ഇന്നെത്തിനില്‍ക്കുന്ന ലാഭക്കൊതികളുടെ ഇരയായി ഒരു സാധു പെണ്‍കുട്ടിയുടെ പഠനം മുടങ്ങിക്കൂടാ. എന്നാലും ഞാന്‍ ആലോചിക്കുകയായിരുന്നു, മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റി എന്ന പേരില്‍ മുന്‍ഗാമികള്‍ ആരംഭിച്ച ഒരു മൂവ്‌മെന്റ് ഇങ്ങനെയാണോ മുന്നോട്ടുപോവേണ്ടത്. ഇങ്ങിനെ എത്ര പാവങ്ങള്‍ എം.ഇ.എസ് സ്ഥാപനങ്ങളുടെ പടിവാതില്‍ക്കല്‍ നിന്ന് കണ്ണീരോടെ ഇറങ്ങിപ്പോയിട്ടുണ്ടാവും. ഏറ്റവും നന്നായി പഠിക്കുന്ന ഏറ്റവും പാവപ്പെട്ട കുട്ടികളോടെങ്കിലും ഇവര്‍ക്ക് അല്പം ദയ കാണിച്ചു കൂടെ..?

 

എം.ഇ.എസ്സിന്റെ ചരിത്രം പരിശോധിച്ചാല്‍ ഈ പ്രസ്ഥാനം തുടങ്ങിയത് തന്നെ ദരിദ്ര വിദ്യാര്‍ഥികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്. ഈ ലക്ഷ്യത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പല സാംസ്‌കാരിക സംഘടനകളും വ്യക്തികളും പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും സംഘടിതമായി മുന്നോട്ടു നീങ്ങാന്‍ അവര്‍ക്കൊന്നും കഴിഞ്ഞില്ല. ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് അവരര്‍ഹിക്കുന്ന രീതിയില്‍ ഉപരിപഠനത്തിന് സാമ്പത്തിക സഹായമേകുന്നതിന് ഒരു സംഘടിത ശ്രമം എന്ന നിലക്കാണ് 1964 സെപ്തംബര്‍ മാസം ഡോക്ടര്‍ പി.കെ അബ്ദുള്‍ ഗഫൂര്‍ സാഹിബിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മുസ്ലിം സമുദായ നേതാക്കന്മാരുടെ യോഗം ചേര്‍ന്നത്. നന്നായി പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുക എന്ന പ്രധാനലക്ഷ്യം മുന്‍നിര്‍ത്തി അമ്പതാളുകളെ മെമ്പര്‍മാരായി ചേര്‍ത്തുകൊണ്ടു ഗഫൂര്‍ സാഹിബ് പ്രസിഡന്റും, ഡോ. കെ. മുഹമ്മദ് കുട്ടി സെക്രട്ടറിയും, കെ.സി ഹസ്സന്‍കുട്ടി ട്രഷറര്‍ ആയും മുസ്ലിം എഡുക്കേഷണല്‍ സൊസൈറ്റി രൂപീകരിച്ചതിന്റെ ചരിത്രമിതാണ്.

 

ഈ ചരിത്രവസ്തുത അറിയുകയും ഇന്നത്തെ യാഥാര്‍ഥ്യം അനുഭവിക്കുകയും ചെയ്യുന്ന ഒരാള്‍ക്കു വിദ്യാഭ്യാസ പ്രവര്‍ത്തനം വെറും കച്ചവടമായി മാറിയതിന്റെ വേറൊരു തെളിവും വേണ്ട. 58 കൊല്ലം മുമ്പേ എം.ഇ.എസ് സ്ഥാപകരായി മുസ്ലിംകളുടെ വിദ്യാഭ്യാസ നവോത്ഥാനത്തിനു മുന്നില്‍ നിന്ന മഹദ് വ്യക്തികള്‍ ഇവരോട് പൊറുക്കട്ടെ..!