|
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രിം കോടതി. അടുത്ത വര്‍ഷം ജനുവരി 31നുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. എല്ലാ കക്ഷികളും വിചാരണ പൂര്‍ത്തിയാക്കാന്‍ സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിചാരണയ്ക്കു കൂടുതല്‍ സമയം തേടി വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് സുപ്രിം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. നാലാഴ്ചയ്ക്കകം വിചാരണയുടെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയം ഫെബ്രുവരി 22-ന് കഴിഞ്ഞിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടിയാണ് വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് തേടിയത്. വിചാരണ ദൈനംദിനം നടത്തി എത്രയുംവേഗം പൂര്‍ത്തിയാക്കുന്നതാണ് നല്ലതെന്ന് സുപ്രീംകോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍, സംസ്ഥാന സര്‍ക്കാരും അതിജീവിതയും വിചാരണ വൈകിപ്പിക്കുകയാണെന്ന് ദിലീപിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആരോപിച്ചു. സര്‍ക്കാര്‍ നികൃഷ്ടമായ ആരോപണങ്ങള്‍ ആണ് വിചാരണ കോടതി ജഡ്ജിക്കെതിരെ ഉന്നയിക്കുന്നത്. വളരെ ഗൗരമേറിയ വിഷയമാണിതെന്നും മുകുള്‍ റോത്തഗി ആരോപിച്ചു. എന്നാല്‍ കേസും ഞെട്ടിപ്പിക്കുന്നതല്ലേയെന്ന് കോടതി ആരാഞ്ഞു. ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജീത് കുമാറും സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും നിഷേധിച്ചു.
Actress attack case Supreme Court allows more time for trial



