|
ആബിദ് അടിവാരം
ഇന്ത്യയോട് ഒന്നിച്ചു നിൽക്കാൻ ആഹ്വാനം ചെയ്തു കൊണ്ട് രാഹുൽ ഗാന്ധി നടന്നു തുടങ്ങുകയാണ്, ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്ന 5 മാസം നീണ്ടു നിൽക്കുന്ന 3500 കിലോമീറ്റർ നടത്തം, കന്യാകുമാരിയിൽ നിന്ന് കാശ്മീർ വരെ. രാഹുൽ ഗാന്ധിയോട് രാഷ്ട്രീയമായി യോജിപ്പും വിയോജിപ്പുമുള്ളവരെല്ലാം സമ്മതിക്കുന്ന ഒരു യാഥാർഥ്യമുണ്ട്. ബിജെപിക്കെതിരായ നിലപാടിൽ വിശ്വസിക്കാൻ പറ്റുന്ന ദേശീയ നേതാക്കളിൽ ആദ്യപേരുകാരൻ രാഹുൽ ഗാന്ധിയാണ്.
മറ്റ് പല നേതാക്കളും ഭീഷണിക്കും പ്രലോഭനങ്ങൾക്കും വഴങ്ങി നിലപാടുകൾ മയപ്പെടുത്തുന്നത് നമ്മുടെ കൺമുന്നിൽ കാണുന്നുണ്ട്, പക്ഷെ രാഹുൽ ഗാന്ധി ഒരടി പിന്നോട്ട് പോയിട്ടില്ല. നിർഭയമായി ബ്രിട്ടീഷുകാർക്ക് മുമ്പിൽ നിന്ന മഹാത്മാഗാന്ധിയുടെ ഭാവമുണ്ട് രാഹുൽ ഗാന്ധിക്ക്. 1917ൽ നാല്പത്തി ഏഴാം വയസ്സിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതൃത്വത്തിലേക്ക് വന്ന ഗാന്ധിജിക്ക് കൈമുതലായി ഉണ്ടായിരുന്നത് ആത്മവിശ്വാസം മാത്രമായിരുന്നു, സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യവും ആ സാമ്രാജ്യത്തിൻറെ പണം പറ്റുന്ന ഹിന്ദുത്വ പിണിയാളുകളും ഒരിക്കലും തകർക്കാൻ കഴിയാത്ത ശക്തിയായി മുന്നിൽ നിൽക്കുമ്പോഴാണ് ഗാന്ധിജി തുടങ്ങിയത്. സത്യത്തിലും നീതിയിലുമുള്ള അചഞ്ചലമായ വിശ്വാസം ഒന്ന് കൊണ്ട് മാത്രമാണ് ഗാന്ധിജി ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്.
സമാന സാഹചര്യമാണ് രാജ്യത്തുള്ളത്, ‘വെളുത്ത’ സായിപ്പിന് പകരം ‘കറുത്ത’ സായിപ്പുമാർ രാജ്യത്തെ ഊറ്റിയെടുക്കുന്നു, അന്ന് ബ്രിട്ടീഷുകാർക്ക് വേണ്ടി രാജ്യത്തെ തകർക്കാൻ പണിയെടുത്ത സവർക്കറും കൂട്ടരും മോദിയും കൂട്ടരുമായി പുനർജ്ജനിച്ചിരിക്കുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം തന്നെയാണ് നൂറു വർഷത്തിനിപ്പുറം അവർ വീണ്ടും പ്രയോഗിക്കുന്നത്. അന്ന് ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്ത് ഊർജ്ജം നഷ്ടപ്പെടുത്തരുത് നിങ്ങൾ ആഭ്യന്തര ശത്രുക്കൾക്കെതിരെ പൊരുതുക എന്ന് ആഹ്വാനം ചെയ്തവരുടെ അനുയായികൾ ഇന്നും അതേ ആഹ്വാനം നടത്തുന്നു, ഇന്ത്യക്ക് സഹായകമായ ഒരിടത്തും അവരെക്കാണുന്നില്ല, നുണയും വെറുപ്പും പ്രചരിപ്പിക്കുന്നതും ജയ്ശ്രീറാം വിളിച്ച് ആളുകളെ കൊല്ലുന്നതും മാത്രമാണ് അവരുടെ ദൗത്യം. അന്ന് ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്ത മാധ്യമങ്ങളെയും സാഹിത്യ-സാംസ്കാരിക പ്രമുഖരെയും ഓർമിപ്പിച്ചു കൊണ്ട് ഇന്നും പാദസേവകർ ഷൂ നക്കിക്കൊണ്ടിരുന്നു.
വെറും കയ്യോടെ ബ്രിട്ടീഷുകാർക്കെതിരെ തെരുവിൽ ഇറങ്ങുമ്പോൾ ഗാന്ധിജി നേരിട്ട ചോദ്യമുണ്ടല്ലോ.. എന്ത് കണ്ടിട്ടാണ്..? ആരെക്കണ്ടിട്ടാണ്..? ഇറങ്ങുന്നത് എന്ന ചോദ്യം അതെ ചോദ്യം തൻ്റെ 52 ആം വയസ്സിൽ പടക്കിറങ്ങുന്ന രാഹുൽ ഗാന്ധിയും നേരിടുന്നുണ്ട്. നല്ലൊരു ഓഫർ കിട്ടിയാൽ മറുകണ്ടം ചാടാൻ തയ്യാറുള്ളവരാണ് തൻ്റെ കൂടെയുള്ള പലരുമെന്ന് രാഹുൽ ഗാന്ധിക്കറിയാം, പലപ്പോഴും ബിജെപിയുമായി സന്ധി ചെയ്തിട്ടുള്ളവരാണ് പ്രാദേശീക പ്രതിപക്ഷ കക്ഷികൾ അവർക്ക് പ്രത്യയശാസ്ത്രപരമായോ അടിസ്ഥാനപരമായോ ഹിന്ദുത്വയോട് വിയോജിപ്പില്ല ഏതു നിമിഷവും അവർ ബിജെപിയുമായി സന്ധി ചെയ്യാൻ സാധ്യതയുണ്ടെന്ന് രാഹുൽ ഗാന്ധിക്കറിയാം, ഇതൊക്കെ മഹാത്മാഗാന്ധിക്കും അറിയാമായിരുന്നു, അദ്ദേഹത്തിൻ്റെ കൂടെ നിന്ന പലരും ബ്രിട്ടീഷുകാരോട് സന്ധി ചെയ്തു പോയിട്ടുണ്ട്, ഒറ്റുകാരായിട്ടുണ്ട്. ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾക്ക് തന്നെ മനസ്സിലാകും എന്ന ഒറ്റ വിശ്വാസത്തിലാണ് ഗാന്ധിജി സമരത്തിനിറങ്ങിയത്, അതേ വിശ്വാസം മാത്രമാണ് രാഹുൽ ഗാന്ധിക്കും കൈമുതലായുള്ളത്.
പണവും അധികാരവും ആൾബലവും ഗുണ്ടായിസവും ആസൂത്രകരും മാധ്യമങ്ങളും എല്ലാം മറുഭാഗത്താണ്, സത്യവും ആത്മവിശ്വാസവും മാത്രമാണ് രാഹുൽ ഗാന്ധിയോടൊപ്പമുള്ളത്. ഭാരത് ജോഡോ യാത്ര തുടങ്ങുന്നതോടെ ഹിന്ദുത്വർ പ്രകോപിതരാകും, രാജ്യത്ത് കലാപങ്ങളോ ഭീകരാക്രമണങ്ങളോ പ്രമുഖ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും സ്ഫോടനങ്ങളോ പ്രതീക്ഷിക്കാവുന്ന മാസങ്ങളാണ് വരാനിരിക്കുന്നത്. രാജ്യത്തെ ജനങ്ങൾ അങ്ങേയറ്റം ജാഗരൂകരാവേണ്ടതുണ്ട്, ബഹുസ്വര ഇന്ത്യയെ നിലനിർത്താനുള്ള രാഹുൽ ഗാന്ധിയുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെയും ശ്രമങ്ങളെ പിന്തുണക്കേണ്ട ബാധ്യത ഓരോ ജനാധിപത്യ വിശ്വാസിക്കുമുണ്ട്.
ശുഭപ്രതീക്ഷയാണ് വിജയത്തിന്റെ ആദ്യപടി. അന്നത്തെ ലോക ശക്തിയായ ബ്രിട്ടീഷ് സാമ്രാജ്യത്തെ മുട്ടുകുത്തിക്കാൻ നമ്മുടെ പൂർവീകർക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ കോർപറേറ്റ്-ഹിന്ദുത്വയെ മുട്ടുകുത്തിക്കാൻ നമുക്കും കഴിയും. കോൺഗ്രസ്സിന്റെ ഇന്നലെകളെ പോസ്റ്റ്മോർട്ടം ചെയ്യാനുള്ള സമയമല്ലിത് , ഗാന്ധിയുടെ അനുയായികളും ഗോഡ്സെയുടെ അനുയായികളും എന്ന രണ്ടേ രണ്ടു വിഭാഗമായി നാം വേർതിരിക്കപ്പെടുകയാണ്. മനുസ്മൃതിയുടെ പക്ഷക്കാരും ഇന്ത്യൻ ഭരണ ഘടനയുടെ പക്ഷക്കാരും എന്ന രണ്ടേ രണ്ടു വിഭാഗങ്ങളായി നാം വേർതിരിക്കപ്പെടുകയാണ്. ഹിന്ദുത്വ ഇന്ത്യയുടെ പക്ഷക്കാരും ബഹുസ്വര ഇന്ത്യയുടെ പക്ഷക്കാരും എന്ന രണ്ടേ രണ്ടു വിഭാഗങ്ങളേ ഇന്ത്യയിലുള്ളൂ… നമ്മൾ ഏതു പക്ഷത്താണ് എന്ന് തീരുമാനമെടുക്കേണ്ടത് ഇപ്പോഴാണ്, നമ്മൾ ഗാന്ധിജിയുടെ പക്ഷത്താണെങ്കിൽ ബഹുസ്വര ഇന്ത്യയുടെ പക്ഷത്താണെങ്കിൽ ഇന്ത്യൻ ഭരണഘടനയുടെ പക്ഷത്താണെങ്കിൽ രാഹുൽ ഗാന്ധിയോടൊപ്പം ചേർന്ന് നിൽക്കേണ്ടതുണ്ട്, അദ്ദേഹത്തിൻ്റെ വിജയം ആഗ്രഹിക്കേണ്ടതുണ്ട്, രാഹുലിനായി പ്രവർത്തിക്കേണ്ടതുണ്ട്, പ്രാർത്ഥിക്കേണ്ടതുണ്ട്.
ഭാരത് ജോഡോ യാത്ര ഇന്ത്യയെ തിരിച്ചു പിടിക്കാനുള്ള ജനകീയ സമരമായി പരിണമിക്കട്ടെ, ഗാന്ധിയും അംബേദ്കറും നെഹ്രുവും ആസാദും സ്വപ്നം കണ്ട ബഹുസ്വര ഇന്ത്യക്കായി രാജ്യം ഉയിർത്തെഴുന്നേൽക്കട്ടെ, കോർപറേറ്റ്-വർഗീയ പിശാചുക്കളുടെ കോട്ട കൊത്തളങ്ങൾ തകർന്നു വീഴട്ടെ. ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യങ്ങൾ…ജയ് ഹിന്ദ്



