|
കൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ, വെടിയുണ്ട ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കും. ഇന്നലെ ഉച്ചയ്ക്ക് നേവി പരിശീലന കേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യക്ക് സമീപത്തു വച്ചായിരുന്നു ആലപ്പുഴ അന്ധകാരനഴി സ്വദേശിയായ സെബാസ്റ്റ്യന് വെടിയേറ്റത്.
അപകടം നടന്ന സമയം നാവികസേനാ ഉദ്യോഗസ്ഥരുടെ ഫയറിങ് പരിശീലനം നടന്നിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഇവിടെ നിന്ന് ഉന്നം തെറ്റിവന്ന വെടിയുണ്ടയാണ് സെബാസ്റ്റ്യന്റെ ചെവിയിൽ കൊണ്ടതെന്നാണ് പൊലീസിന്റെ നിഗമനം. പരിസരത്ത് വെടിയുണ്ട എത്താനുള്ള മറ്റ് സാധ്യതകളില്ലെന്നും അന്വേഷണത്തിൽ വ്യക്തമായതായും പൊലീസ് പറഞ്ഞു.
എന്നാൽ വെടിവെച്ചത് തങ്ങൾ അല്ലെന്നാണ് നാവികസേന അധികൃതർ പറയുന്നത്. സംഭവം പൊലീസ് അന്വേഷിക്കട്ടേയെന്നും നാവികസേന അറിയിച്ചു. ആശുപത്രിയിലെത്തി ബുള്ളറ്റ് പരിശോധിച്ച ശേഷമായിരുന്നു നേവിയുടെ പ്രതികരണം.ഉച്ചയ്ക്ക് 12ഓടെ മീൻപിടുത്തം കഴിഞ്ഞ് ബോട്ടിൽ മടങ്ങവെയാണ് സെബാസ്റ്റ്യന് വെടിയേറ്റത്.
ബോട്ടിൽ നിന്ന് വെടിയുണ്ട കണ്ടെത്തി. സെബാസ്റ്റ്യന്റെ ചെവിയിൽ അഞ്ച് തുന്നലുണ്ട്. തലനാരിഴയ്ക്കാണ് സെബാസ്റ്റ്യൻ രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷി മൈക്കിൾ പറഞ്ഞിരുന്നു. ചെവിയിൽ വെടിയേറ്റ് സെബാസ്റ്റ്യൻ മറിഞ്ഞു വീണതായും സംഭവ സമയം ബോട്ടിലുണ്ടായിരുന്ന മൈക്കിൾ പറഞ്ഞു.



