23
Sep 2022
Fri
23 Sep 2022 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓണവുമായി ബന്ധപ്പെട്ട് വർ​ഗീയ വിദ്വേഷം തുപ്പി കൊച്ചിയിലെ വിവാദ നോ ഹലാൽ ഹോട്ടലുടമയും സംഘ്പരിവാർ അനുകൂലിയുമായ തുഷാര അജിത്. സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച് നടൻ ബിനീഷ് ബാസ്റ്റിന്റെ ഓണാശംസാ പോസ്റ്റിന് താഴെയാണ് വിദ്വേഷം തുപ്പി തുഷാര രം​ഗത്തെത്തിയത്. ഹിന്ദുവിന്റെ ഓണം ക്രിസ്ത്യാനിയും മുസ്‌ലിമും ആഘോഷിക്കേണ്ട എന്നാണ് തുഷാരയുടെ വാദം.

 

മുസ്‌ലിം പെൺകുട്ടികളുടെ ഓണ പരിപാടികൾ കാണുമ്പോൾ ഇന്ത്യ ഇസ്‌ലാമിക രാഷ്ട്രമായോ എന്ന് തോന്നുന്നതായും ഇവർ പറയുന്നു. ഇവരുടെ വിദ്വേഷ കമന്റിനെ തേച്ചൊട്ടിച്ച് നടനും രം​ഗത്തെത്തി. ‌

 

”നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത് ഇത് ക്രിസ്ത്യാനിയുടെയും മുസ്ലിമിന്റെയും ആഘോഷമല്ല. ഇന്നലെ മുസ്ലിം പെൺകുട്ടികളുടെ ഓണത്തിന്റെ പരിപാടികളിൽ ആടലും ഡാൻസും ചാട്ടവും ഒക്കെ കണ്ടപ്പോൾ ഇന്ത്യ എന്ന ഹിന്ദു രാഷ്ട്രം ഇസ്ലാമിക രാഷ്ട്രം എന്നായി പോയോ എന്നൊരു തോന്നൽ”- എന്നാണ് ബിനീഷിന്റെ പോസ്റ്റിനടിയിൽ ഇവരുടെ കമന്റ്.

ഇതിന് ബിനീഷ് നൽകിയ കിടിലൻ മറുപടിയിങ്ങനെ- ഓണം മലയാളികളുടെ ദേശിയ ഉത്സവമാണ്. ഞങ്ങൾ ആഘോഷിക്കും. ബിനിഷ് ബാസ്റ്റിനും അനസ് പാണാവള്ളിയും സാലു കുമ്പളങ്ങിയും ഞങ്ങൾ ചങ്കുകളാണ്. ഇവിടെ വർഗീയത പുലമ്പാൻ ആളെ ആവശ്യമില്ല. വർഗിയത തുലയട്ടെ!.

 

കൊച്ചിയിൽ നോൺ ഹലാൽ ഭക്ഷണം വിളമ്പിയതിന്​ മർദിച്ചെന്ന വ്യാജപ്രചാരണം നടത്തുകയും അടുത്ത് ഹോട്ടൽ നടത്തുന്ന യുവാക്കളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ തുഷാരയും ഭർത്താവ് അജിത്തും അറസ്റ്റിലായിരുന്നു. പാലായിൽ ഒളിവിലായിരുന്ന പ്രതികളെ കഴിഞ്ഞ നവംബർ രണ്ടിന് കൊച്ചി ഇൻഫോ പാർക്ക് പൊലീസാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ ഇവർക്കെതിരെ ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ (ഐപിസി 308, 326, 457, 380) ചുമത്തി കേസെടുത്തിരുന്നു. കൂടാതെ മതവിദ്വേഷ പ്രചാരണം നടത്തിയതിന് ഐപിസി 153എ വകുപ്പ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിരുന്നു. തന്‍റെ റസ്റ്റോറന്‍റില്‍ നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് ഒരു സംഘം ജിഹാദികള്‍ തങ്ങളെ മര്‍ദിച്ചെന്നായിരുന്നു തുഷാരയുടെ വ്യാജ പ്രചാരണം.

 

കെട്ടിട തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ആക്രമണം ഉണ്ടായത്. ഒക്ടോബർ അവസാനം ഇൻഫോപാർക്കിന് സമീപമാണ് സംഭവമുണ്ടായത്. ചിൽസേ ഫുഡ് സ്പോട്ട് എന്ന കട നടത്തുന്ന നകുൽ, സുഹൃത്ത് ബിനോജ് ജോർജ് എന്നിവരെയാണ് തുഷാരയും സംഘവും ആക്രമിച്ചത്. ഫുഡ് കോർട്ടിൽ ബോംബേ ചാട്ട്, ബേൽപൂരി എന്നിവ വിൽക്കുന്ന നകുലിന്റെ പാനിപൂരി സ്റ്റാൾ തുഷാരയും സംഘവും പൊളിച്ചുമാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത നകുലിനെയും ബിനോജിനെയും ഇവർ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഫുഡ് കോർട്ടിലെ കടയിൽ തനിക്ക് അവകാശമുണ്ടെന്ന് പറഞ്ഞായിരുന്നു തുഷാരയുടെ ആക്രമണം.

 

എന്നാൽ, ഇത് പുറത്തറിയാതിരിക്കാൻ, നോ ഹലാൽ ബോർഡ് വച്ചതിനും ഹോട്ടലിൽ പന്നിയിറച്ചി വിറ്റതിനും ജിഹാദികൾ തന്നെയും ഭർത്താവിനേയും ആക്രമിച്ചെന്നായിരുന്നു തുഷാര സോഷ്യൽമീഡിയയിലൂടെ പ്രചരിപിച്ചത്. എക്കണോമിക് ജിഹാദ് ഉൾപ്പെടെയുള്ള ആരോപണങ്ങളും ഇവർ ഉന്നയിച്ചിരുന്നു. വിശദമായ അന്വേഷണത്തിൽ ഇത് വ്യാജപ്രചരണമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തുഷാരയും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നു നടത്തിയ സംഘടിത ആക്രമണമാണിതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

എന്നാൽ അതിനോടകം തുഷാരയുടെ എഫ്ബി പോസ്റ്റ് ഏറ്റെടുത്ത് സംഘ്പരിവാർ- ബിജെപി നേതാക്കളും പ്രവർത്തകരും അനുകൂലികളും വലിയ രീതിയിലാണ് മുസ്‌ലിം വിരുദ്ധ പ്രചരണം നടത്തിയത്. തുഷാരയുടെ വ്യാജ വാദങ്ങൾ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി സംസ്ഥാന നേതാക്കളും, പ്രതീഷ് വിശ്വനാഥ് ഉൾപ്പെടെയുള്ള തീവ്ര ഹിന്ദുത്വ-വിദ്വേഷ പ്രചാരകരും ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തിരുന്നു.

 

പിന്നാലെ, തുഷാരയ്ക്ക് നേരെ നടന്നത് ജിഹാദി ആക്രമണമാണെന്ന് ഉത്തരേന്ത്യയിലെ സംഘപരിവാർ പ്രൊഫൈലുകളും പ്രചരിപ്പിച്ചു. ദേശീയതലത്തിൽ തന്നെ മുസ്‌ലിം വിരുദ്ധ- വിദ്വേഷ പ്രചരണത്തിന് ഇത് ഉപയോ​ഗിക്കുകയും ചെയ്തു. കേരളത്തിൽ ഹിന്ദുക്കൾക്ക് സംരംഭങ്ങൾ തുടങ്ങാൻ തടസമാണെന്ന് തരത്തിൽ വ്യാപക പ്രചരണം സംഘപരിവാർ അനുകൂല മാധ്യമങ്ങളും നടത്തിയിരുന്നു. ഭർത്താവ് അജിത്ത് ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇംതിയാസ് കൊലക്കേസ്‍ അടക്കം നിരവധി കേസുകളിൽ പ്രതിയാണ്.

 

ഇതിനിടെ, തുഷാര അജിത്ത് ആക്രമിക്കപ്പെട്ടെന്ന വ്യാജവാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതില്‍ മാപ്പ് ചോദിച്ചു രാഹുല്‍ ഈശ്വർ രം​ഗത്തെത്തിയിരുന്നു. സംഭവം വ്യാജ പ്രചരണമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് രാഹുല്‍ ഖേദപ്രകടനവുമായി രംഗത്തെത്തിയത്.

 

ഹലാൽ ഹോട്ടലിനെതിരെ സംഘ്പരിവാറും ക്രിസംഘി സംഘടനകളും കൂട്ടത്തോടെ ബഹിഷ്കരണ ആഹ്വാനവും വിദ്വേഷ പ്രചരണവും വ്യാപിപ്പിച്ചതോടെയാണ് ഇത് മുതലാക്കി തുഷാര അജിത് കൊച്ചിയിൽ നോൺ ഹലാൽ ഹോട്ടൽ തുടങ്ങിയത്. ഇതിന് വിവിധ തീവ്ര ഹിന്ദുത്വ സംഘടനകളുടേയും നേതാക്കളുടേയും പിന്തുണ ഉണ്ടായിരുന്നു.