|
ഭോപ്പാല്‍: ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ജബല്‍പൂര്‍ രൂപത ബിഷപ്പ് പി.സി സിങ്ങിന്റെ വീട്ടിലും ഓഫിസിലും നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപയും വസ്തുവകകളും കണ്ടെത്തി. 1.65 കോടി രൂപയും 18,000 യു.എസ് ഡോളറും 118 ബ്രിട്ടീഷ് പൗണ്ടും 80.72 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും കണ്ടെടുത്തതായി മധ്യപ്രദേശ് പൊലിസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറിയിച്ചു. കൂടാതെ വിവിധ വസ്തുവകകളുമായും 48 ബാങ്ക് അക്കൗണ്ടുകളുമായും ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തു.
പി.സി സിങ്ങിനെതിരേയും സ്ഥാപനത്തിലെ മുന്‍ രജിസ്ട്രാറായ ബി.എസ് സൊളാങ്കിക്കെതിരേയും രൂപതയ്ക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് പിരിച്ചെടുത്ത തുക വകമാറ്റി ചെലവഴിച്ചെന്ന പരാതിയില്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കഴിഞ്ഞമാസം കേസെടുത്തിരുന്നു. ഐ.പി.സിയിലെ 420, 406, 468, 471 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഈ കേസിന്റെ ഭാഗമായാണ് ജബല്‍പുര്‍ നേപ്പിയര്‍ ടൗണിലെ വീട്ടിലും ഓഫിസിലും റെയ്ഡ് നടന്നത്. പി.സി സിങ് നിലവില്‍ ജര്മനിയിലണ്. റെയ്ഡ് നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നു.
വിദ്യാര്‍ഥികളില്‍നിന്ന് ഫീസിനത്തില്‍ പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ പി.സി. സിങ് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചെന്നാണ് കണ്ടെത്തല്‍. 2005 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ഏകദേശം 2.70 കോടി രൂപയോളമാണ് വിദ്യാര്‍ഥികളില്‍നിന്ന് ഫീസായി പിരിച്ചെടുത്തത്. എന്നാല്‍ ഈ പണം മറ്റുസ്ഥാപനങ്ങളുടെ ആവശ്യത്തിനും ബിഷപ്പിന്റെ സ്വന്തം ആവശ്യങ്ങള്‍ക്കുമായി ചെലവഴിച്ചെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനുപിന്നാലെയാണ് ബിഷപ്പ് അടക്കം രണ്ടുപേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
economic-offences-wing-of-mp-police-raid-at-jabalpur-diocese-bishop-pc-singh-s-residence-and-office



