22
Sep 2022
Sat
22 Sep 2022 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചണ്ഡീഗഡ്: സീനിയർ ഉദ്യോ​ഗസ്ഥൻ അപമാനിച്ചെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനിനുള്ളിൽ വച്ച് സ്വയം വെടിവച്ച് മരിച്ച് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ. ഇന്ന് രാവിലെ പഞ്ചാബ് ഹോഷിയാർപൂരിലെ ഹരിയാന പൊലീസ് സ്റ്റേഷനിലാണ് സംഭവം. സതീഷ് കുമാർ എന്ന പൊലീസ് ഉദ്യോ​ഗസ്ഥനാണ് തന്റെ സർവീസ് റിവോൾവർ ഉപയോ​ഗിച്ച് സ്വയം വെടിവച്ചുമരിച്ചത്.

 

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മാനസികപീഡനം മൂലമാണ് സതീഷ് കുമാര്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. താണ്ട പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയ്ക്കെതിരെയാണ് ആരോപണം. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ മേലുദ്യോഗസ്ഥനായ ഓംകാര്‍ സിങ്ങിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സതീഷ് കുമാര്‍ ഉന്നയിച്ചിരിക്കുന്നത്.

 

വ്യാഴാഴ്ച പരിശോധനയ്ക്കിടെ താണ്ട പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായ ഓംകാർ സിങ് തനിക്ക് നേരെ അസഭ്യം പറഞ്ഞതായി സതീഷ് കുമാർ ആരോപിച്ചു. തന്നെ അപമാനിക്കുന്നതിനേക്കാൾ നല്ലത് വെടിവയ്ക്കുന്നതാണെന്ന് താൻ അയാളോട് പറഞ്ഞതായും എഎസ്ഐ പറഞ്ഞു.

 

“അടുത്ത ദിവസം പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിൽ വാദം കേൾക്കാൻ നിശ്ചയിച്ചിരുന്ന കേസുകളെക്കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചു. ഞാൻ കൈകാര്യം ചെയ്യുന്നത് ഒരു കേസ് മാത്രമാണെന്നും മറ്റ് കേസുകളുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരോട് ചോദിക്കണമെന്നും അദ്ദേഹത്തോട് പറഞ്ഞു”- സതീഷ് കുമാർ പറഞ്ഞു.

 

ആ മറുപടി എസ്എച്ച്ഒയ്ക്ക് പിടിച്ചില്ല. അതോടെ അയാൾ തന്നെ അപമാനിച്ചു. അതുകൊണ്ടും നിന്നില്ല. റെക്കോർഡ് ബുക്കിൽ തനിക്കെതിരെ പരാതിയും രേഖപ്പെടുത്തി. അതോടെ ജീവിതം അവസാനിപ്പിക്കാൻ താൻ തീരുമാനിച്ചതായും സതീഷ്കുമാർ വെടിവയ്ക്കും മുമ്പ് പറഞ്ഞു.

 

അതേസമയം, ആരോപണ വിധേയനായ എസ്‌എച്ച്‌ഒയെ പൊലീസ് ലൈനിലേക്ക് സ്ഥലംമാറ്റിയതായും അന്വേഷണത്തിന് ഉത്തരവിട്ടതായും മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ അറിയിച്ചു. മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഏതെങ്കിലും രീതിയിലുള്ള തെറ്റായ പെരുമാറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊലീസുകാരോട് ഹോഷിയാർപൂർ സീനിയർ പൊലീസ് സൂപ്രണ്ട് സർതാജ് സിങ് ചാഹൽ പറഞ്ഞു.