ഗ്യാൻവ്യാപി മസ്ജിദിനുള്ളിൽ ഹൈന്ദവ ആചാരപ്രകാരം ആരാധന നടത്താനുള്ള അനുമതി തേടി അഞ്ചു ഹിന്ദു വനിതകൾ സമർപ്പിച്ച ഹരജി വാരണാസി കോടതി സ്വീകരിച്ചു. മസ്ജിദിനുള്ളിൽ മുമ്പ് ക്ഷേത്രമുണ്ടായിരുന്നുവെന്ന് അവകാശപ്പെട്ടാണ് ഇവർ പള്ളിക്കുള്ളിൽ ആരാധന നടത്താൻ അനുമതിയാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. അതേസമയം ഹരജി തള്ളിക്കളയണമെന്ന് മുസ് ലിംകൾ ആവശ്യപ്പെട്ടു.
|
കാശിവിശ്വനാഥ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഗ്യാൻവ്യാപി മസ്ജിദിലെ വുദു ടാങ്കിലെ വാട്ടർ ഫൗണ്ടൻ ശിവലിംഗമാണെന്ന് ഹിന്ദുത്വ സംഘടനകൾ അവകാശപ്പെട്ടിരുന്നു. കോടതി നിയോഗിച്ച സമിതിയിലുൾപ്പെട്ട ഹിന്ദു അഭിഭാഷകനായിരുന്നു ഇത്തരമൊരു വാദം സമിതിയുടെ റിപോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിനു മുമ്പ് പുറത്തുവിട്ടത്.
വുദു ടാങ്ക് ഈ ഭാഗം വേർതിരിച്ച് നിർത്തുകയും മുസ് ലിംകൾക്ക് അംഗശുദ്ധിവരുത്താൻ സൗകര്യമില്ലാതെ വരികയും ചെയ്തിരുന്നു. ഇതേത്തുടർന്ന് മുസ് ലിംകൾ കോടതിയെ സമീപിച്ച് അംഗശുദ്ധി വരുത്തുന്നതിന് അനുവാദം നൽകണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട നടപടികൾക്കിടെയാണ് വാരണാസി കോടതി മസ്ജിദിനുള്ളിൽ ഹൈന്ദവ ആരാധന നടത്താൻ അനുമതി ചോദിച്ചുള്ള ഹരജി ഫയലിൽ സ്വീകരിച്ചത്.
അതേസമയം സുപ്രിംകോടതിയിൽ നിന്ന് തീരുമാനം ഉണ്ടാവണമെന്നാണ് താൻ കരുതുന്നതെന്ന് ഗ്യാൻവ്യാപി മസ്ജിദിന്റെ കെയർടേക്കറായ മുഹമ്മദ് തൗഹീദ് പ്രതികരിച്ചു.



