22
Sep 2022
Fri
22 Sep 2022 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കു സംഭാവന നൽകിയില്ലെന്നു പറഞ്ഞ് പച്ചക്കറിക്കടയിൽ കയറി അതിക്രമം നടത്തുകയും ഉടമയെ കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ കോൺ​ഗ്രസ് നേതാക്കളെ സസ്പെൻഡ് ചെയ്തു. വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീൻ, ഡിസിസി അംഗം കുന്നിക്കോട് ഷാജഹാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച് അനീഷ് ഖാൻ എന്നിവര്‍ക്കെതിരെയാണ് നടപടി.

 

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പാർട്ടി പ്രത്യയശാസ്ത്രത്തെ പ്രതിനിധീകരിക്കുന്നവരല്ല അവരെന്ന് സുധാകരൻ പറഞ്ഞു. അവരുടെ പ്രവൃത്തി ഒരിക്കലും മാപ്പർഹിക്കാത്തതാണ്. കോർപറേറ്റ് ഫണ്ടുകൾ കൈപ്പറ്റുന്ന മറ്റു പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി ജനങ്ങളിൽ നിന്ന് ചെറിയ സംഭാവനകൾ ക്രൗഡ് ഫണ്ടിങ്ങിലൂടെ സ്വീകരിക്കുകയാണ് കോൺ​ഗ്രസ് രീതിയെന്നും സുധാകരൻ ട്വിറ്ററിൽ കുറിച്ചു.

 

ഇന്നലെ വൈകിട്ട് അഞ്ചരയോടെ കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരിയായ അനസിന്‍റെ കടയിലായിരുന്നു അക്രമം. ചോദിച്ച പണം കൊടുക്കാത്തതിന് കോൺ​ഗ്രസ് നേതാക്കൾ സാധനങ്ങൾ വലിച്ചെറിഞ്ഞെന്ന് അനസ് പറഞ്ഞിരുന്നു. ഭാരത് ജോഡോ യാത്രയുടെ കൊല്ലത്തെ പര്യടനവുമായി ബന്ധപ്പെട്ടാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ കഴിഞ്ഞദിവസം പിരിവുമായെത്തിയത്.

 

2000 രൂപയുടെ രസീത് അനസിന് എഴുതി നൽകി. ഇന്നലെ പണം വാങ്ങാനെത്തിയപ്പോൾ 500 രൂപ മാത്രമേ നൽകാനാവൂ എന്ന് അനസ് പറഞ്ഞു. 2000 തന്നെ വേണമെന്ന് കോൺഗ്രസ് നേതാക്കൾ നിർബന്ധം പിടിച്ചതോടെ തർക്കമായി. കടയിലുണ്ടായിരുന്ന ത്രാസും സാധനങ്ങളും ഇവർ അടിച്ചു തകർത്തുവെന്നാണ് കടയുടമയുടെ പരാതി.