22
Sep 2022
Tue
22 Sep 2022 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗളൂരു: തന്റെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ച പ്രതിശ്രുത വരനായ ഡോക്ടറെ യുവതി അടിച്ചു കൊലപ്പെടുത്തി. ചെന്നൈ സ്വദേശി വികാഷ് രാജൻ (27) ആണ് കൊല്ലപ്പെട്ടത്. യുവതിയും സുഹൃത്തുക്കളായ സുശീല്‍, ഗൗതം, സൂര്യ എന്നിവരും ചേര്‍ന്നാണ് കൃത്യം നടത്തിയത്.

 

സെപ്റ്റംബർ 10ന് പ്രതികളിലൊരാളായ സുഷീലിന്റെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. ക്രൂരമായി മർദനമേറ്റ വികാഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഈ മാസം 14ന് മരിച്ചു. കൊല്ലപ്പെട്ട വികാഷും യുവതിയും രണ്ട് വര്‍ഷമായി സൗഹൃദത്തിലായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ ഇവരുടെ വിവാഹത്തിന് അനുമതി നല്‍കിയത്.

 

യുക്രൈനില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ വികാഷ് രണ്ട് വര്‍ഷം ചെന്നൈയില്‍ ജോലി ചെയ്ത ശേഷമാണ് ബെംഗളൂരുവിലേക്ക് വന്നത്. മറ്റൊരു സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചാണ് തന്റെ പ്രതിശ്രുത വധുവിന്റെ നഗ്ന ചിത്രങ്ങള്‍ പങ്കുവച്ചത്. തമിഴ്‌നാട്ടിലെ ചില സുഹൃത്തുക്കള്‍ക്ക് ഈ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

 

ഇൻസ്റ്റഗ്രാമിൽ‌ ചിത്രങ്ങള്‍ കണ്ട യുവതി വികാഷിനോട് ചോദിച്ചപ്പോൾ തമാശയ്ക്ക് ചെയ്തതെന്നായിരുന്നു മറുപടി. സുഹൃത്ത് സുശീലിനോട് ഇക്കാര്യം യുവതി വെളിപ്പെടുത്തുകയും തുടര്‍ന്ന് വികാഷിനെ ഒരു പാഠം പഠിപ്പിക്കാന്‍ ഇവര്‍ തീരുമാനിക്കുകയുമായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് വിളിച്ചുവരുത്തി വികാഷിനെ മർദിക്കുകയായിരുന്നു.

 

പ്രതികൾ തന്നെയാണ് അബോധാവസ്ഥയില്‍ വികാഷിനെ ആശുപത്രിയില്‍ എത്തിച്ചതും എന്നാണ് പോലീസ് പറയുന്നത്. പ്രതികളിലൊരാളായ സൂര്യക്കായി അന്വേഷണം തുടരുകയാണ്.