23
Sep 2022
Thu
23 Sep 2022 Thu

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ, ഇ.ഡി റെയ്ഡ്. വ്യാഴാഴ്ച പുലർച്ചെ നാലുമണി മുതലാണ് കേരളം, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് തുടങ്ങിയ തുടങ്ങിയ 10 സംസ്ഥാനങ്ങളിൽ റെയ്ഡ് നടന്നത്. കേന്ദ്രസേനയുടെ അകമ്പടിയോടെ എത്തിയ സംഘമാണ് പരിശോധന നടത്തിയത്. നൂറിലധികം നേതാക്കളെയും പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പോപുലർഫ്രണ്ടിനെതിരേ ചരിത്രത്തിലെ ഏറ്റവും വലിയ അടിച്ചമർത്തലാണ് നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പി.എഫ്.ഐയുടെ ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫിസുകളും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തെലങ്കാനയിലും ആന്ധ്രാപ്രദേശിലും 38 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ പിടികൂടിയ നാല് പിഎഫ്‌ഐ പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തിരുന്നു.   

കേരളത്തിൽ പോപുലർ ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി നസറുദ്ധീൻ എളമരം, സംസ്ഥാന സമിതി അംഗം യഹിയ തങ്ങൾ തുടങ്ങിയ നേതാക്കളെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടെ സംസ്ഥാന ഓഫിസിലും കൊല്ലം മേഖലാ ഓഫിസിലും പത്തനംതിട്ട, മഞ്ചേരി, തിരുവനന്തപുരം, കണ്ണൂർ, പത്തനംതിട്ട, കാസർകോട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.  

സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ (കരുനാഗപള്ളി), ദേശീയ ജനറൽ സെക്രട്ടറി നസറുദ്ധീൻ എളമരം, ചെയർമാൻ ഒ.എം.എ സലാം (മഞ്ചേരി),  മുൻ നാഷണൽ കൗൺസിൽ അംഗം കരമന അശ്‌റഫ് മൗലവി, മുൻ ചെയർമാൻ ഇ. അബൂബക്കർ (കരുവൻപൊയിൽ), പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ്, സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീർ തുടങ്ങിയവരുടെ വീട്ടിലും റെയ്ഡ് നടന്നു.

റെയ്ഡിനെതിരേ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ തെരുവിൽ പ്രതിഷേധിക്കുകയാണ്. കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധറാലികൾ നടന്നുകൊണ്ടിരിക്കുകയാണ്. 

റെയ്ഡ് ഭരണകൂട ഭീകരതയാണെന്ന് ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ പറഞ്ഞു. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കാൻ സംഘടന ആഹ്വാനംചെതിട്ടുണ്ട്.

Anti-Terror Agency Raids Popular Front Of India Leaders In Huge Crackdown