|
ന്യൂഡൽഹി: മുസ്‌ലിം പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഡൽഹിയിലെ പള്ളിയിൽ സന്ദർശനം നടത്തി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. കസ്തൂർബാ ഗാന്ധി മാർഗ് പള്ളിയിലെ ഇമാമും ഓൾ ഇന്ത്യാ ഇമാം ഓർഗനൈസേഷൻ മേധാവിയുമായ ഉമർ അഹമ്മദ് ഇല്യാസിയുമായി അദ്ദേഹം ചർച്ച നടത്തി.
വിവിധ നേതാക്കളുമായുള്ള തുടർച്ചയായ ചർച്ചകളുടെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് ആർഎസ്എസ് വക്താവ് സുനിൽ അംബേക്കർ പറഞ്ഞു. ആർഎസ്എസ് സർസംഘ്ചാലക് എല്ലാ മേഖലകളിൽ നിന്നുമുള്ള ആളുകളുമായി കൂടിക്കാഴ്ച നടത്തിവരുന്നു. ഇത് തുടർച്ചയായ പൊതു സംവാദ പ്രക്രിയയുടെ ഭാഗമാണ്- വക്താവ് പറഞ്ഞു.
മസ്ജിദിൽ മോഹൻ ഭഗവതും ഇമാമും തമ്മിൽ നടന്ന അടച്ചിട്ട മുറിയിലെ ചർച്ച ഒരു മണിക്കൂറിലേറെ നീണ്ടു. മുതിർന്ന ആർഎസ്എസ് നേതാക്കളും യോഗത്തിൽ പങ്കെടുത്തു. കൃഷ്ണ ഗോപാൽ, രാം ലാൽ, ഇന്ദ്രേഷ് കുമാർ എന്നിവരാണ് മോഹൻ ഭാഗവതിനൊപ്പം ഉണ്ടായിരുന്നത്.
അതേസമയം, ഇത് രാജ്യത്തിന് വളരെ നല്ല സന്ദേശമാണ് നൽകുന്നതെന്നാണ് ഇമാമിന്റെ മകനായ ഷുഹൈബ് ഇല്യാസിയുടെ വാദം. ‘ഒരു കുടുംബത്തെപ്പോലെയാണ് ഞങ്ങൾ സംസാരിച്ചത്. ഞങ്ങളുടെ ക്ഷണം അനുസരിച്ചാണ് അവർ വന്നത്’-ഇല്ല്യാസ് വ്യക്തമാക്കി.
അടുത്തിടെ രാജ്യത്തെ മുസ്‌ലിം പ്രമുഖരുമായി ആർഎസ്എസ് മേധാവി കൂടിക്കാഴ്ച നടത്തിയിരുന്നു. ആർഎസ്എസ് ആസ്ഥാനത്ത് നടന്ന ചർച്ചയിൽ മുൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ്, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ ഖുറൈശി, അലീഗഢ് സർവകലാശാല മുൻ വൈസ് ചാൻസലർ റിട്ട. ലഫ്. ജനറൽ സമീറുദ്ദീൻ ഷാ, രാഷ്ട്രീയ ലോക്ദൾ ദേശീയ വൈസ് പ്രസിഡന്റ് ശാഹിദ് സിദ്ദീഖി തുടങ്ങിയവരാണ് പങ്കെടുത്തത്.



