|
ബംഗളൂരു: കർണാടകയിൽ ഗണേശ ക്ഷേത്രം നിർമിക്കുന്നതിനെ ചൊല്ലി ഹൈന്ദവവിശ്വാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർ വെട്ടേറ്റുമരിച്ചു. തുമകുരുവിലുണ്ടായ സംഘർഷത്തിൽ മിദിഗേശി സ്വദേശികളായ ശിൽപ (38), ബന്ധു രാമാഞ്ജിനപ്പ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റൊരു ബന്ധുവിനും വെട്ടേറ്റു. ഗ്രാമത്തിൽ ഗണേശക്ഷേത്രം നിർമിക്കുന്നതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ക്ഷേത്രം നിർമിക്കുന്നത് സംബന്ധിച്ച് രണ്ടു സംഘങ്ങൾ തമ്മിൽ ദിവസങ്ങളായി ഇവിടെ സംഘർഷം നിലനിന്നിരുന്നു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഗണേശക്ഷേത്രം സ്ഥാപിക്കാൻ രണ്ടുവർഷം മുമ്പ് ഗ്രാമവാസികൾ തീരുമാനിച്ചു. എന്നാൽ, ശ്രീധർ ഗുപ്തയെന്നയാൾ സ്ഥലം തന്റെതാണെന്നും പഞ്ചായത്തിന്റെതല്ലെന്നും വാദിച്ച് രംഗത്തെത്തി.
തർക്കം കോടതിയിലെത്തിയതോടെ മരിച്ച ശിൽപയും ബന്ധുക്കളും കോടതിയെ സമീപിച്ചു. ഉടമസ്ഥാവകാശം ശ്രീധർ ഗുപ്തക്കല്ലെന്ന് വ്യക്തമാക്കി കോടതിവിധി വന്നു. ഇതോടെ പ്രദേശവാസികൾ ക്ഷേത്രം നിർമിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ തുടങ്ങി. ഇതനിടെ വീണ്ടും തർക്കമുന്നയിച്ച് ശ്രീധർ ഗുപ്ത രംഗത്തെത്തിയത് ഇരുവിഭാഗവും തമ്മിൽ അടിപിടിയിൽ കലാശിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രിയാണ് ശിൽപക്കും രാമാഞ്ജിനപ്പയ്ക്കും ബന്ധുവിനും വെട്ടേറ്റത്. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗസംഘം വീടിനുമുന്നിൽ നിൽക്കുകയായിരുന്ന ഇവരെ വടിവാളുപയോഗിച്ച് വെട്ടിവീഴ്ത്തി. ശബ്ദം കേട്ടെത്തിയ സമീപവാസികൾ മൂന്നുപേരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. സംഭവത്തിൽ ശ്രീധർ ഗുപ്തയെ ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് അറിയിച്ചു.
Rift over Ganesh temple construction ends in double murder in Karnataka’s Tumakuru; two held



