|
12കാരനെ മൂന്ന് പേർ ചേർന്ന് ക്രൂരമായ ലൈംഗിക പീഡനനത്തിനിരയാക്കി. തുടർന്ന് രഹസ്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി. ഗുരുതര പരിക്കേറ്റ കുട്ടി ഐസിയുവിൽ. കഴിഞ്ഞ ആഴ്ച ഡൽഹിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത മൂന്ന് പേരാണ് കേസിലെ പ്രതികൾ. ലൈംഗിക പീഡന ശേഷം ഇവർ ഇരയെ ഇഷ്ടികയും വടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളിൽ ഒരാൾ പിടിയിലായി. മറ്റുള്ളവർ ഒളിവിലാണ്.
കേസിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ഡൽഹി വനിത കമ്മീഷൻ ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു. സംഭവം നടന്ന് ആറ് ദിവസത്തിന് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് എന്നാണ് ആരോപണം. എന്നാൽ മൊഴി രേഖപ്പെടുത്താൻ കുടുംബം വിസമ്മതിച്ചതാണ് കാലതാമസത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ നാല് ആൺകുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ കത്തിൽ പറയുന്നുണ്ടെങ്കിലും മൂന്ന് പ്രതികളാണ് ഉള്ളതെന്നാണ് പൊലീസ് പറയുന്നത്.
സെപ്തംബർ 18ന് തന്റെ മകൻ വീടിനു സമീപത്തുവച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഇരയായ കുട്ടിയുടെ അമ്മ തങ്ങളെ സമീപിച്ചതായി വനിത കമ്മീഷൻ പറയുന്നു. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. നാട്ടുകാരാണ് കുട്ടിയെ വീട്ടിലെത്തിച്ചത്.
ഡൽഹിയിൽ പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികൾ പോലും സുരക്ഷിതരല്ലെന്ന് ഡിസിഡബ്ല്യു ചെയർപേഴ്‌സൺ സ്വാതി മലിവാൾ പറഞ്ഞു. ’12 വയസുള്ള ആൺകുട്ടിയെ നാല് പേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയും വടികൊണ്ട് അടിച്ച് പാതി മരിച്ച നിലയിൽ ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തിൽ ഞങ്ങളുടെ സംഘം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടിയെ ഇപ്പോൾ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്’- സ്വാതി മലിവാൾ വ്യക്തമാക്കി.
‘പൊലീസ് സംഘത്തെ ആശുപത്രിയിലേക്ക് അയച്ചിരുന്നു. എന്നാൽ കുട്ടിയുടെ മാതാപിതാക്കൾ മൊഴി നൽകാൻ തയ്യാറായില്ല. കുട്ടി മെഡിക്കൽ നിരീക്ഷണത്തിലായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് മകൻ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തതായി മാതാപിതാക്കൾ പൊലീസിനോടു പറഞ്ഞത്. പ്രകൃതി വിരുദ്ധ കുറ്റകൃത്യങ്ങൾ, പോക്‌സോ ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്’- ഡിസിപി സഞ്ജയ് സെയിൻ വ്യക്തമാക്കി.
പൊലീസ് അന്വേഷണത്തിൽ പ്രതികളെല്ലാവരും കുട്ടിയുടെ സമീപവാസികളാണെന്നും നിസാര പ്രശ്‌നത്തെ തുടർന്നുണ്ടായ വഴക്കാണ് ലൈംഗിക പീഡനം ഉൾപ്പെടെയുള്ള ആക്രമണത്തിലേയ്ക്ക് നയിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ ഒരാളെ പിടികൂടി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ട്. ബാക്കിയുള്ള രണ്ട് പേരെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. ഇരയായ കുട്ടി ഇപ്പോഴും മെഡിക്കൽ നിരീക്ഷണത്തിലാണ്. കുട്ടിയുടെ മൊഴി പിന്നീട് രേഖപ്പെടുത്തും- ഡിസിപി കൂട്ടിച്ചേർത്തു.



