|
തന്നെ ബലാത്സംഗം ചെയ്തയാളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട ശേഷം പൊലീസില്‍ ഏല്‍പ്പിച്ച് എയര്‍ഹോസ്റ്റസ്. തെക്കൻ ഡൽഹിയിലെ മെഹ്റൗളി ഏരിയയില്‍ ഞായറാഴ്ചയാണ് സംഭവം. 30കാരിയുടെ പരാതിയിൽ ഖാൻപൂർ സ്വദേശിയായ ഹർജീത് യാദവ് എന്നയാളെ അറസ്റ്റ് ചെയ്തു. ബലാത്സംഗ വിവരം യുവതി ടോൾഫ്രീ നമ്പരായ 112ൽ വിളിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു.
ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രദേശത്തെ ബ്ലോക്ക് പ്രസിഡന്റാണ് യാദവ്. ഞായറാഴ്ചയാണ് യുവതി മെഹ്റൗളി പൊലീസ് സ്റ്റേഷനിൽ വിളിച്ച് പീഡന വിവരം പറഞ്ഞതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സൗത്ത്) ചന്ദൻ ചൗധരി പറഞ്ഞു. മദ്യലഹരിയിലായിരുന്ന ഹര്‍ജിത് വീട്ടിലെത്തി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
ഇയാളുമായി ഒന്നര മാസത്തെ പരിചയമേ യുവതിക്കുണ്ടായിരുന്നുള്ളൂ. സംഭവത്തിന് ശേഷം യുവതി ഇയാളെ മുറിക്കുള്ളില്‍ പൂട്ടിയിടുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ ഐപിസി 376 (ബലാത്സംഗം), 323 (മുറിവേൽപ്പിക്കൽ), 509 (സ്ത്രീത്വത്തെ അപമാനിക്കൽ), 377 (പ്രകൃതിവിരുദ്ധ കുറ്റകൃത്യം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതായി ഡിസിപി ചന്ദൻ ചൗധരി പറഞ്ഞു.



