22
Sep 2022
Wed
22 Sep 2022 Wed

കൊച്ചി: കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയ പോപുലർ ഫ്രണ്ട് അടക്കമുള്ള സംഘടനകളുടെ അതേ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന ആർ എസ് എസ് എസിനെ സർക്കാർ നിരോധിക്കാത്തത് പക്ഷപാതപരമായ നടപടിയാണെന്ന് എൻ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ പ്രസ്താവിച്ചു ഗാന്ധിവധത്തെ തുടർന്ന് ഇന്ത്യയിൽ പ്രവർത്തനം നിരോധിച്ച സംഘടനയാണ് ആർ എസ് എസ് . തീവ്രവാദ സംഘടനകളുടെ അതേ സ്വഭാവത്തിൽ അക്രമവും കൊലപാതകവും നടത്തിക്കൊണ്ടിരിക്കുന്ന സംഘടനയാണ് ആർ എസ് എസ് .

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

അങ്ങനെയുള്ള ആർഎസ്എസിന്റെ തണലിൽ വളർന്നാണ് ബിജെപി കേന്ദ്ര ഭരണത്തിൽ എത്തിയത്. ഈ പൊക്കിൾകൊടി ബന്ധം ഉപേക്ഷിക്കാൻ ആകാത്തത് കൊണ്ടാണ് കേന്ദ്രസർക്കാർ ആർഎസ്എസിനെ താലോലിക്കുന്നത്. ഭീകര സ്വഭാവത്തിൽ പ്രവർത്തിക്കുന്ന ആർഎസ്എസിനെ തോളിലേറ്റി മറ്റു ഭീകര സ്വഭാവ സംഘടനകളുടെ കഴുത്തറുക്കാൻ തീരുമാനിക്കുന്നത് ഏകപക്ഷീയമായ നിലപാടാണ്.

 

തങ്ങൾക്ക് താല്പര്യമുള്ള ഭീകര സംഘടനകളെ നിലനിർത്തിയുള്ള ഈ നിരോധനം ഭീകര സംഘടനകളുടെ പുതിയ രൂപങ്ങൾ രാജ്യത്ത് ഉടലെടുക്കാനും കൂടുതൽ അക്രമങ്ങളും കൊലപാതകങ്ങളും ആവർത്തിക്കപ്പെടാനും മാത്രമാണ് സഹായിക്കുക എന്നും ചാക്കോ പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിൽ നടന്നിട്ടുള്ള രാഷ്ട്രീയ അക്രമങ്ങളിലും കൊലപാതകങ്ങളിലും പോപുലർ ഫ്രണ്ടും അതുപോലുള്ള സംഘടനകളും ഒരു വശത്ത് ഉണ്ടെങ്കിൽ മറുഭാഗത്ത് ആർഎസ്എസും ഉൾപ്പെട്ടിട്ടുണ്ട് എന്നതിന് ചരിത്രം സാക്ഷിയാണ്. ആർഎസ്എസിന്റെ കത്തിക്കും തോക്കിനും ബോംബിനും ഇരയായി മരണമടഞ്ഞവരുടെ കണക്കും ചെറുതല്ല എന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കണം എന്നും ജനങ്ങൾ ഭയപ്പാടോടെ നോക്കുന്ന ആർഎസ്എസിന്റെ പ്രവർത്തനങ്ങളും ഉടൻ നിരോധിക്കണമെന്നും ചാക്കോ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.