22
Nov 2022
Sun
22 Nov 2022 Sun

16കാരന്‍ 3 കുടുംബാംഗങ്ങടക്കം നാലുപേരെ കൊന്ന് കിണറ്റില്‍ തള്ളി. അമ്മയെയും മുത്തച്ഛനെയും 10വയസ്സുകാരിയായ സഹോദരിയെയും ഒരു അയല്‍വാസിയെയുമാണ് 16കാരന്‍ കൊലപ്പെടുത്തിയത്. ത്രിപുരയിലെ ധാലൈ ജില്ലയിലെ ഉള്‍ഗ്രാമത്തിലാണ് സംഭവം. പ്രതിയെ പൊലീസ് പിടികൂടി ചോദ്യംചെയ്തുവരികയാണ്. മയക്കുമരുന്നിന് അടിമയായിരുന്നു 16കാരനെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പിതാവ് പുറത്തുപോയ സമയത്താണ് പ്രതി കൃത്യം നിര്‍വഹിച്ചത്. കൊലപാതകകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
കുട്ടിയുടെ പിതാവ് വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് ഇവിടെയാകമാനം ചോര കണ്ടത്. തുടര്‍ന്നാണ് കിണറിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടത്. ബഹളം വച്ച് ആളുകൂടുകയും തുടര്‍ന്ന് പൊലീസില്‍ വിവരം നല്‍കുകയുമായിരുന്നു. രാത്രി ഒമ്പതരയോടെ വീട്ടില്‍ നിന്ന് വലിയ ശബ്ദത്തില്‍ പാട്ട് കേട്ടിരുന്നതായി സമീപവാസികള്‍ പറഞ്ഞു. മൂര്‍ച്ചയേറിയ ആയുധംകൊണ്ടാണ് നാലുപേരെയും കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്ന ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂ. കൊലപാതകശേഷം ഗ്രാമം വിട്ടുപോവാനുള്ള ശ്രമത്തിനിടെയാണ് പ്രതിയെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>