23
Nov 2022
Thu
23 Nov 2022 Thu

മലപ്പുറം: ‘എന്റെ ഉസ്താദിനൊരു വീട് ‘ എന്ന പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഡിവൈൻ ഹാൻഡ് ചാരിറ്റബിൾ ട്രസ്റ്റി’ന്റെ പ്രവർത്തകരായ അങ്ങാടിപ്പുറം രാമപുരം പെരുമ്പള്ളി വീട്ടിൽ മുഹമ്മദ് ഷഫീഖ് (31), കരിങ്കല്ലത്താണി താഴേക്കോട് കാരക്കോടൻ വീട്ടിൽ അബ്ദുൽ ജബ്ബാർ (39), പെരിന്തൽമണ്ണ ആലിപ്പറമ്പ് തോണിക്കടവ് വീട്ടിൽ ഹുസൈൻ (31), പാലക്കാട് അലനല്ലൂർ കർക്കടാംകുന്ന് ചുണ്ടയിൽ വീട്ടിൽ ഷൗക്കത്തലി (47) എന്നിവരാണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവർക്കെതിരെ പരാതിയുമായി ആരും രംഗത്ത് എത്തിയിരുന്നില്ല. തുടർന്ന് നിയമവിരുദ്ധമായി പണമിടപാട് നടത്തിയതിന് പ്രതികൾക്കെതിരെ ബാനിങ്ങ് ഓഫ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം (ബഡ്‌സ്) നിയമപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിവൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിലാണ് വൻ തട്ടിപ്പ് നടന്നിരിക്കുന്നത്. ട്രസ്റ്റിന്റെ പേരിൽ മഞ്ചേരി മുട്ടപ്പാലത്താണ് ഇവരുടെ ഓഫീസ് പ്രവർത്തിക്കുന്നത്. ഇവിടെ കഴിഞ്ഞ മൂന്നു ദിവസമായി ഒട്ടേറെപ്പേർ പണവുമായി എത്തുന്നുണ്ടെന്ന് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ ഓഫീസ് വളഞ്ഞാണ് പോലീസ് ഇവരെ പിടികൂടിയത്. പോലീസിനെ കണ്ടതോടെ ഒരാൾ ഓടി രക്ഷപ്പെട്ടു. ഇവിടെനിന്ന് 58.5 ലക്ഷം രൂപ, ആറ് മൊബൈൽ ഫോണുകൾ, നോട്ടെണ്ണൽ യന്ത്രം, റസീറ്റ് ബുക്കുകൾ, കരാർ രേഖകൾ എന്നിവയും രണ്ടാംപ്രതി അബ്ദുൽ ജബ്ബാറിന്റെ വീട്ടിൽ നിന്ന് 30,70,000 രൂപയും പിടിച്ചെടുത്തു.

സ്വന്തമായി മൂന്ന് സെന്റിൽ കുറയാത്ത ഭൂമിയുള്ള നിർധനരായ ആയിരം മത അധ്യാപകർക്ക് പ്രാദേശിക ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ 900 ചതുരശ്ര അടി വിസ്തീർണമുള്ള വീട് സൗജന്യമായി നിർമിച്ചുനൽകുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഇതിനായി ലക്ഷങ്ങൾ പിരിച്ചെടുത്തു. ട്രസ്റ്റ് പ്രവർത്തനം തുടങ്ങി നാലുവർഷമായിട്ടും ഏതാനും വീടുകൾ മാത്രമാണ് നിർമിച്ചത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്നും ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു. കേസിൽ മറ്റു പ്രതികളുണ്ടോയെന്ന കാര്യവും പരിശോധിക്കും.

ഒന്നാംപ്രതി മുഹമ്മദ് ഷഫീഖ് കോ ഓപ്പറേറ്റീവ് ബോർഡ് പരീക്ഷയെഴുതിയ ആൾക്ക് വാട്‌സാപ്പ് വഴി ഉത്തരം പറഞ്ഞുകൊടുത്ത കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ചെയ്തു. ആയിരംമുതൽ നൂറുരൂപവരെയുള്ള കൂപ്പണുകൾ നൽകി ഇവരെ പണപ്പിരിവിനായി നിയോഗിച്ചു. രാഷ്ട്രീയമത രംഗത്തുള്ള പ്രമുഖരെ കൂട്ടുപിടിച്ച് മഹല്ല് അടിസ്ഥാനത്തിൽ കമ്മിറ്റികളുണ്ടാക്കിയും പണം സ്വരൂപിച്ചു. മാധ്യമങ്ങൾ വഴിയും പ്രചാരണം നൽകി. നൂറ് കോടി രൂപ പിരിച്ചെടുക്കലായിരുന്നു ലക്ഷ്യം. എന്നാൽ പിരിച്ചെടുത്ത തുകകൊണ്ട് ഏതാനും വീടുകൾ മാത്രമാണ് ഇവർ നിർമിച്ചുനൽകിയത്.