ജമാൽ ഖഷഗ്ജി വധം: മുഹമ്മദ് ബിൻ സൽമാനെതിരേ സമർപ്പിച്ച കേസ് യുഎസ് കോടതി തള്ളി
07-Dec-2022
വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റും സൗദി വിമർശകനുമായിരുന്ന ജമാൽ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനെതിരേ നൽകിയ കേസ് യുഎസ് കോടതി തള്ളി. മുഹമ്മദ് ബിൻ സൽമാനെതിരേ ജമാൽ ഖഷോഗിയുടെ പ്രതിശ്രുത വധു നൽകിയ കേസാണ് വാഷിങ്ടൺ ഫെഡറൽ ജഡ്ജി തള്ളിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും നേരത്തേ മുഹമ്മദ് ബിൻ സൽമാന് ക്ലീൻ ചിറ്റ് നൽകിയിരുന്നു. 2017 ഒക്ടോബറിലാണ് തുർക്കിയിലെ ഇസ്താംബൂളിലെ സൗദി കോമ്സുലേറ്റിനുള്ളിൽ വച്ച് ജമാൽ ഖഷോഗി കൊല്ലപ്പെട്ടത്. പുതിയ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി കോൺസുലേറ്റിൽ നിന്ന് കടലാസുകൾ കൈപ്പറ്റാൻ വന്നതായിരുന്നു ഖഷോഗി. സൗദിയിൽ നിന്നെത്തിയ ഏജന്റുമാർ ജമാൽ ഖഷോഗിയെ കൊലപ്പെടുത്തുകയും മൃതദേഹം കഷ്ണങ്ങളായി മുറിച്ചു പുറത്തെത്തിച്ച് നശിപ്പിപ്പിച്ചുവെന്ന് തുർക്ക് പൊലീസ് കണ്ടെത്തിയിരുന്നു. മുഹമ്മദ് ബിൻ സൽമാന്റെ സുരക്ഷാ ഉദ്യാഗസസ്ഥൻ അടക്കമുള്ള സംഘമായിരുന്നു ഇതിനായി തുർക്കിയിലെത്തിയതെന്ന് തുർക്കി പൊലീസ് രേഖകൾ സഹിതം കണ്ടെത്തിയിരുന്നു. സ്വകാര്യ വിമാനത്തിലായിരുന്നു സൗദി സംഘം ഇസ്താംബൂളിലെത്തിയത്.
നടപടി വിവാദമായതോടെ ചോദ്യംചെയ്യലിനിടെ അബദ്ധത്തിൽ ജമാൽ ഖഷോഗി കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കിയ സൗദി പ്രതികളെ തങ്ങൾ വിട്ടുനൽകില്ലെന്നും രാജ്യത്ത് തന്നെ ശിക്ഷിക്കുമെന്നുമുള്ള നിലപാട് സ്വീകരിക്കുകയുമായിരുന്നു. ഇതുപ്രകാരം സൗദി കോടതി പ്രതികളെ ശിക്ഷിക്കുകയും ജമാൽ ഖഷോഗിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു.