ന്യൂഡൽഹി: ദലിത് പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യു.പിയിലെ ഹാഥ്രസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരായ രണ്ടാമത്തെ കേസിലെ ജാമ്യവ്യവസ്ഥയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. രണ്ടാഴ്ച മുമ്പാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഇ.ഡി രജിസ്റ്റർചെയ്ത കേസിൽ കാപ്പന് ജാമ്യം കിട്ടിയത്.
|
രണ്ടുലക്ഷം രൂപ കെട്ടിവയ്ക്കുക, രണ്ട് ആൾ ജാമ്യം എന്നിവയാണ് ഇ.ഡി കേസിലെ ജാമ്യവ്യവസ്ഥ. കാപ്പനെതിരേ ആദ്യം ചുമത്തപ്പെട്ട യു.എ.പി.എ കേസിലും ഇതേ വ്യവസ്ഥ പ്രകാരമാണ് ജാമ്യം ലഭിച്ചത്. യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ചെങ്കിലും ഇ.ഡി കേസുള്ളതിനാലാണ് പുറത്തിറങ്ങാൻ കഴിയാതെ വന്നത്. പിന്നാലെ ഇ.ഡി കേസിലും ജാമ്യം ലഭിച്ചെങ്കിലും വ്യവസ്ഥകൾ സംബന്ധിച്ച് അവ്യക്തത നിലനിന്നതോടെ മോചനം നീണ്ടു.
ക്രിസ്മസ്, പുതുവൽസര അവധി കഴിഞ്ഞ് കോടതി ഇന്നലെ തുറന്നതോടെയാണ് ജാമ്യവ്യവസ്ഥ സംബന്ധിച്ച് വ്യക്തത ലഭിച്ചത്. ഇ.ഡി കേസിലെ ജാമ്യവസ്ഥകൾ പത്തുദിവസം കൊണ്ടു പൂർത്തിയാക്കാനും കോടതി നിർദേശിച്ചു.
ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാരാണ് സിദ്ദീഖ് കാപ്പനെതിരെ യുഎപിഎ ചുമത്തി കേസെടുത്തത്. അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
യുപിയിലെ ഹാത്രസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു 2020 ഒക്ടോബർ അഞ്ചിന് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റുചെയ്തത്. രാജ്യദ്രോഹം, സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, ഭീകരപ്രവർത്തനത്തിന് ഫണ്ട് സമാഹരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കാപ്പനെതിരെ ചുമത്തിയിരിക്കുന്നത്.



