ജനധാപത്യത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണിയാവുന്ന ബെഞ്ചമിൻ നെതന്യാഹു സർക്കാരിന്റെ പുതിയ നയങ്ങൾക്കെതിരേ ആയിരക്കണക്കിന് ഇസ്രായേല്യർ തെരുവിൽ പ്രതിഷേധിക്കുന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റം വ്യാപിക്കുന്നതിനും ജുഡീഷ്യറിയുടെ അധികാരം കുറയ്ക്കുന്നതും അടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതിനെതിരേയാണ് പ്രതിഷേധം.
|
ജനാധാപത്യം അപകടത്തിൽ, ഫാഷിസത്തിനും വർണവ്യവസ്ഥയ്ക്കുമെതിരേ ഒന്നിക്കൂ എന്നിങ്ങനെയുള്ള പ്ലക്കാർഡുകൾ ഏന്തിയായിരുന്നു പ്രതിഷേധക്കാർ തെൽഅവീവിൽ തെരുവിലിറങ്ങിയത്. ഇസ്രായേലി പാർലമെന്റിലെ പലസ്തീനിയൻ അംഗങ്ങളും ഇടതുപക്ഷക്കാരുമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. സുപ്രിംകോടതിയുടെ അധികാരം കുറയ്ക്കുന്ന പുതിയ ജുഡീഷ്യൽ സംവിധാനത്തെക്കുറിച്ച് ബുധനാഴ്ച നിയമമന്ത്രി യാരിവ് ലെവിൻ ആണ് പ്രഖ്യാപനം നടത്തിയത്.
സർക്കാർ നിയമവ്യവസ്ഥയ്ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. രാജ്യത്ത് ജനാധിപത്യം ഇല്ലാതാവുകയും ഏകാധിപത്യ ഭരണത്തിലേക്ക് പോവുകയുമാണെന്ന് തങ്ങൾ ഭയപ്പെടുന്നതായി അവർ വ്യക്തമാക്കി. രാജ്യത്ത് കഴിയുന്ന ജൂതരും പലസ്തീനികളും സമാധാനത്തോടെയും സഹവർത്തിത്വത്തോടെയും കഴിയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ക്രൈംമിനിസ്റ്റർ എന്നെഴുതിയ ബാനറും പ്രതിഷേധത്തിൽ ഉയർത്തുകയുണ്ടായി. എൽജിബിറ്റിക്യു സമൂഹത്തിന് പിന്തുണയർപ്പിച്ച് മഴവിൽ നിറങ്ങൾ ഉള്ള കൊടികളും പ്രതിഷേധക്കാർ ഉയർത്തി.



