23
Jan 2023
Tue
23 Jan 2023 Tue

വീടുകളും റോഡുകളും വിള്ളൽവീണ് അപകടാവസ്ഥയിലായതോടെ ഉത്തരാഖണ്ഡിലെ ജോഷിമഠിൽ നിന്ന് 4000 പേരെ ഒഴിപ്പിച്ചു. വിള്ളൽവീണ കെട്ടിടങ്ങൾ പൊളിച്ചുനീക്കുമെന്ന് അധികൃതർ അറിയിച്ചു. ഇവ തനിയെ തകർന്നുവീണ് സമീപ കെട്ടിടങ്ങൾക്ക് തകരാർ സംഭവിക്കുന്നത് തടയാനാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതിയ സംഭവവികാസങ്ങളുടെ സാഹചര്യത്തിൽ ജോഷിമഠിനെ അപകടം, ബഫർ, പൂർണ സുരക്ഷിതം എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട്. 600ലേറെ കെട്ടിടങ്ങൾക്കാണ് വിള്ളൽ സംഭവിച്ചിരിക്കുന്നത്. കൂടുതൽ വിള്ളൽ വീണ കെട്ടിടങ്ങളാവും പൊളിച്ചുനീക്കുക. ദുരന്ത സാധ്യതാ മേഖലയായി പ്രഖ്യാപിച്ച ജോഷിമഠിൽ നിർമാണ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട്.

വിദ​ഗ്ധ സംഘം മേഖല പരിശോധിച്ച് പ്രധാനമന്ത്രിക്ക് റിപോർട്ട് കൈമാറും. ബദ്രിനാഥ് തീർഥാടകരുടെ ഇടത്താവളമാണ് ജോഷിമഠ്. സിഖ് പുണ്യകേന്ദ്രമായ ഹേമകുണ്ഡ് സാഹിബിലേക്കുള്ള ഇടനാഴി കൂടിയാണ് ജോഷിമഠ്. ആസൂത്രണമില്ലാത്ത വികസന പ്രവർത്തനങ്ങളാണ് ജോഷിമഠിനെ അപകടത്തിലാക്കിയതെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. ഇവിടുത്തെ ഹൈഡ്രോപവർ പദ്ധതിയടക്കം ദുരന്തത്തിന് വഴിവച്ചതായും അവർ ചൂണ്ടിക്കാട്ടുന്നു.

ദേശീയ തെർമൽ പവർ കോർപറേഷൻ ഇവിടെ തുരങ്ക നിർമാണത്തിനു നടത്തുന്ന സ്ഫോടനങ്ങൾക്കെതിരേ നാട്ടുകാർ കഴിഞ്ഞമാസം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ പരിണിത ഫലമാണോ കെട്ടിടങ്ങൾക്ക് വിള്ളൽ സംഭവിച്ചതിന് കാരണമായതെന്ന് പരിശോധിക്കുന്നുണ്ട്.