|
ചെന്നൈ: കാൻസറിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ താരമാണ് മംമ്ത മോഹൻദാസ്. രോഗത്തോട് ആത്മവിശ്വാസത്തോടെ പൊരുതിയതും ജീവിതത്തിലെ പ്രതിസന്ധിയെ നേരിട്ടതുമെല്ലാം മംമ്ത പ്രേക്ഷകരോട് പങ്കുവച്ചിരുന്നു. ഇപ്പോൾ വീണ്ടും മറ്റൊരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് അറിയിക്കുകയാണ് നടി. ഓട്ടോ ഇമ്യൂണൽ ഡിസീസ് എന്ന രോഗാവസ്ഥയിലാണെന്ന് മംമ്ത ഇൻസ്റ്റഗ്രമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
ഇൻസ്റ്റഗ്രാമിലൂടെ തൻറെ സെൽഫി ചിത്രങ്ങൾ പങ്കുവച്ചാണ് മംമ്ത തന്റെ ആരോഗ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മേക്കപ്പ് ഇല്ലാത്ത ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സൂര്യനോട് സംസാരിക്കുന്നത് പോലെയാണ് മംമ്ത ചിത്രത്തിന് അടിക്കുറിപ്പെഴുതിയിരിക്കുന്നത്.
‘പ്രിയപ്പെട്ട സൂര്യൻ, മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ സ്വീകരിക്കുന്നു… എനിക്ക് നിറം നഷ്ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു… മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ നിന്നേക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേൽക്കും. നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും’.
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂണൽ ഡിസോർഡർ. രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതവും വികലവുമായ പ്രതികരണമാണ് ഓട്ടോ ഇമ്യൂൺ ഡിസോർഡേഴ്‌സ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു വിഭാഗം അസുഖങ്ങൾ. ഇതുമൂലം പ്രതിരോധ സംവിധാനത്തിന് നമ്മുടെ സ്വന്തം കോശങ്ങളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ വരുന്നു. ശരീരത്തിലെ നിറം നഷ്ടമാകുന്ന വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ഓട്ടോ ഇമ്യൂണൽ ഡിസോർഡർ ആണ് മംമ്തയെ ബാധിച്ചത്. മെലാനിൻറെ കുറവു മൂലം ഇവ ബാധിക്കാം. അതിനാലാണ് പതിവായി ഇനി സൂര്യപ്രകാശം ഏൽക്കുമെന്ന് മംമ്ത കുറിപ്പിൽ പങ്കുവച്ചത്.
View this post on Instagram



