|
ന്യൂഡൽഹി: രാജ്യത്തെ ഉന്നത നീതിപീഠങ്ങളിലേക്കുള്ള ജഡ്ജിമാരുടെ നിയമനത്തിൽ സുപ്രിംകോടതി കൊളീജിയത്തെ കടുത്ത സമ്മർദ്ദത്തിലാക്കി വീണ്ടും സർക്കാർ. ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയത്തിൽ സർക്കാർ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് കത്തു നൽകി.
ജഡ്ജി നിയമനത്തിൽ സുതാര്യതയും പൊതു വിശ്വാസ്യതയും ഉറപ്പാക്കാൻ കൊളീജിയത്തിൽ സർക്കാർ പ്രതിനിധി അനിവാര്യമാണെന്ന് കത്തിൽ കേന്ദ്രമന്ത്രി റിജിജു അഭിപ്രായപ്പെട്ടു. സുപ്രീം കോടതി കൊളീജിയത്തിൽ കേന്ദ്ര സർക്കാർ പ്രതിനിധികളെയും ഹൈക്കോടതി കൊളീജിയത്തിൽ സംസ്ഥാന സർക്കാർ പ്രതിനിധികളെയും ഉൾപെടുത്തണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.
കൊളീജിയം സമ്പ്രദായത്തിനെതിരെ മുമ്പ് പലതവണ രൂക്ഷവിമർശനവുമായി കേന്ദ്ര നിയമമന്ത്രി രംഗത്തു വന്നിരുന്നു. കൊളീജിയം സംവിധാനത്തിന് സുതാര്യതയില്ലെന്ന് അദ്ദേഹം വിമർശിച്ചിരുന്നു. ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, സ്പീക്കർ ഓം ബിർല തുടങ്ങിയവരും കൊളീജിയം സംവിധാനത്തിനെതിരേ രംഗത്തു വന്നിരുന്നു.
ജഡ്ജി നിയമനത്തിന് നിലവിലുള്ള മാനദണ്ഡം ഭേദഗതിചെയ്യുന്നത് സ്വീകാര്യമല്ലെന്ന നിലപാടിലാണ് സുപ്രീം കോടതി കൊളീജിയത്തിലെ അംഗങ്ങൾ എന്നാണ് റിപ്പോർട്ട്. കൊളീജിയം നിർദേശം കേന്ദ്രസർക്കാർ അം?ഗീകരിക്കുന്നത് വൈകുന്നതിൽ കോടതി നേരത്തെ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ എം ജോസഫ്, എം ആർ ഷാ, അജയ് റസ്‌തോഗി, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്നതാണ് നിലവിലെ സുപ്രീം കോടതി കൊളീജിയം.



