23
Jan 2023
Tue
23 Jan 2023 Tue

ന്യൂഡല്‍ഹി: ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥിയും ദലിത് ആക്ടിവിസ്റ്റുമായിരുന്ന രോഹിത് വെമുലയുടെ ഓര്‍മകള്‍ക്ക് ഏഴുവര്‍ഷം. സര്‍വകലാശാലയില്‍ നേരിട്ടിരുന്ന ദലിത് വിവേചനത്തില്‍ പ്രതിഷേധിച്ചായിരുന്നു രോഹിതിന്റെ ആത്മഹത്യ. 2016 ജനുവരി 17നാണ് ഹോസ്റ്റല്‍ മുറിയില്‍ രോഹിത് ജീവനൊടുക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രോഹിത് അടക്കമുള്ള അഞ്ച് വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷനെതിരായ രാപ്പകല്‍ സമരത്തിനൊടുവിലായിരുന്നു രോഹിതിന്റെ ആത്മഹത്യ. രോഹിതിന്റെ ആത്മഹത്യയെ തുടര്‍ന്ന് സര്‍വകലാശാലയിലും രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തി. രോഹിത് വെമുലയുടെ അഞ്ച് പേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിരുന്നു.

കാള്‍ സാഗനെപോലെ ശാസ്ത്രത്തെക്കുറിച്ച് എഴുതാനായിരുന്നു ഞാന്‍ സ്വപ്‌നം കണ്ടത്. എന്നാല്‍ ഈ കത്ത് മാത്രമാണ് എനിക്ക് എഴുതാനായത്’ എന്ന് പറഞ്ഞായിരുന്നു കത്തിന്റെ തുടക്കം. ലോകത്തെ മനസിലാക്കുന്നതില്‍ ഞാനൊരു തികഞ്ഞ പരാജയമായിരുന്നിരിക്കാം. സ്‌നേഹം, വേദന, ജീവിതം, മരണം… എല്ലാം തെറ്റായി മനസിലാക്കിയതാകാം. ഒരാവശ്യവുമില്ലാത്ത തിടുക്കം ജീവിതത്തില്‍ എനിക്കൊപ്പമുണ്ടായിരുന്നു. ജീവിതം ആരംഭിക്കാനുള്ളതായിരുന്നു ആ തിടുക്കം. മനുഷ്യരില്‍ ചിലര്‍ക്ക് ജീവിതം തന്നെയാണ് ശാപം. എന്റെ ജനനം തന്നെ കൊടും തെറ്റായിരുന്നു’ കത്തില്‍ പറയുന്നു.

യൂണിവേഴ്‌സിറ്റിയില്‍ എ.ബി.വി.പി നേതാവ് സുശീല്‍ കുമാറിനെ മര്‍ദിച്ചു എന്നാരോപിച്ചാണ് രോഹിത് വെമുല അടക്കം അഞ്ചുപേരെ യൂണിവേഴ്‌സിറ്റി സസ്‌പെന്‍ഡ് ചെയ്തത്. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എ.എസ്.എ) നടത്തിയ വിവിധ പരിപാടികളുടെ പേരില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും സമ്മര്‍ദ്ദത്തിന്റെ ഫലമായിരുന്നു പുറത്താക്കല്‍.
സംഭവം രാജ്യത്തുടനീളമുള്ള കാംപസുകളില്‍ ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് കാരണമായിരുന്നു.