22
Jan 2023
Sun
22 Jan 2023 Sun

ഗുവാഹത്തി: അസമിൽ പത്താൻ സിനിമ റിലീസ് ചെയ്യാനിരിക്കുന്ന തിയറ്ററിൽ പ്രതിഷേധമുണ്ടായതിനെ തുടർന്നു പുലർച്ചെ 2 മണിക്ക് ഷാരൂഖ് ഖാൻ ഫോണിൽ വിളിച്ചെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സംസ്ഥാനത്ത് ക്രമസമാധാന പാലനം സർക്കാരിന്റെ ചുമതലയാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ഷാരൂഖിന് ഉറപ്പു നൽകിയെന്നും ശർമ ട്വീറ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിനിമയ്‌ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ കഴിഞ്ഞ ദിവസം ചോദിച്ചപ്പോൾ ”ആരാണ് ഷാരൂഖ് ഖാൻ, എനിക്ക് അദ്ദേഹത്തെക്കുറിച്ചോ പത്താൻ സിനിമയെക്കുറിച്ചോ തനിക്ക് ഒന്നും അറിയില്ല” എന്നു അസം മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. ഷാരൂഖ് ബോളിവുഡ് സൂപ്പർതാരം ആണെന്ന് പറഞ്ഞപ്പോൾ സംസ്ഥാനത്തെ ജനങ്ങൾ ബോളിവുഡ് സിനിമയെക്കുറിച്ചല്ല മറിച്ച് അസമീസ് സിനിമയെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുവാഹത്തിയിൽ പത്താൻ പ്രദർശിപ്പിക്കാനിരിക്കുന്ന തിയറ്ററിൽ ചിത്രത്തിന്റെ പോസ്റ്ററുകൾ ചിലർ വലിച്ചുകീറിയതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഷാരൂഖ് തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് പരാതിയുണ്ടായാൽ പരിശോധിക്കാമെന്നും ശർമ പറഞ്ഞു. ഇതിനു പിന്നാലെയാണ് ഷാരൂഖ് ഖാൻ മുഖ്യമന്ത്രിയെ പുലർച്ചെ ഫോണിൽ ബന്ധപ്പെട്ടത്. ജനുവരി 25നാണ് പത്താൻ&ിയുെ;റിലീസാകുന്നത്. ചിത്രത്തിൽ നടി ദീപിക പദുക്കോൺ കാവി നിറമുള്ള ബിക്കിനി ധരിച്ച് അഭിനയിച്ച ഗാനരംഗത്തിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. സിനിമ നിരോധിക്കണമെന്ന് വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.