|
കൊച്ചി: വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് മുൻ എം.പിയും എൻ.സി.പി നേതാവുമായ മുഹമ്മദ് ഫൈസലിന്റെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്. വധശ്രമക്കേസിൽ ശിക്ഷാവിധി നടപ്പിലാക്കുന്നത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ഫൈസൽ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് വിധി പുറപ്പെടുവിക്കുക.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നടപടി സസ്‌പെൻഡ് ചെയ്യണമെന്നും മുഹമ്മദ് ഫൈസലും കൂട്ടുപ്രതികളും കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന പി.എം സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് കവരത്തി കോടതി മുഹമ്മദ് ഫൈസലിനെ ശിക്ഷിച്ചത്.
വധശ്രമക്കേസിൽ മുഹമ്മദ് ഫൈസലിനെ കവരത്തി സെഷൻസ് കോടതി 10 വർഷം തടവുശിക്ഷയാണ് വിധിച്ചത്. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ മുഹമ്മദ് ഫൈസലിന്റെ എം.പി സ്ഥാനം റദ്ദാക്കിയിരുന്നു. ഫെബ്രുവരി 27ന് ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജി സുപ്രിംകോടതി ഈ മാസം 27ന് പരിഗണിക്കും.



