ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാരി ചമഞ്ഞ് യുവതി ദമ്പതികളില്‍ നിന്ന് 25 ലക്ഷം രൂപ തട്ടി. സൂര്യ എന്ന ജെന്നിഫര്‍ ആണ് തട്ടിപ്പ് നടത്തി നിരവധി പേരില്‍ നിന്ന് പണം കവര്‍ന്നത്. ബാങ്ക് ജീവനക്കാരിയെന്നോ ക്രെഡിറ്റ് കാര്‍ഡ് കമ്പനി ജീവനക്കാരിയെന്നോ വ്യാജേന ആളുകളെ ബന്ധപ്പെട്ടാണ് 25കാരിയായ സൂര്യ തട്ടിപ്പ് നടത്തിയിരുന്നത്. ഡല്‍ഹി ദ്വാരകയിലെ സെക്ടര്‍ 8 സ്വദേശിയാണ് സൂര്യ. പത്താം ക്ലാസ് മാത്രമാണ് യുവതിയുടെ വിദ്യാഭ്യാസം.
|
2017ല്‍ ജോലി നഷ്ടമായ യുവതി വ്യാജ കോള്‍ സെന്ററില്‍ ചേര്‍ന്ന് തട്ടിപ്പ് നടത്തിവരികയായിരുന്നു. ഇവരുമായി പിരിഞ്ഞ ശേഷം യുവതി തട്ടിപ്പ് സ്വയം നടത്തിത്തുടങ്ങി. എസ്ബിഐ, ആക്‌സിസ് ബാങ്ക് എന്നീ സ്ഥാപനങ്ങളിലെ ക്രെഡിറ്റ് കാര്‍ഡ് ജീവനക്കാരിയെന്ന് പരിചയപ്പെടുത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. യഥാര്‍ഥ വെബ്‌സൈറ്റ് എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ വ്യാജ വെബ്‌സൈറ്റ് തയ്യാറാക്കി ഇതിന്റെ ലിങ്ക് ആളുകള്‍ക്ക് അയച്ചുനല്‍കുകയും ഇതില്‍ ക്ലിക്ക് ചെയ്യിപ്പിച്ച ശേഷം വരുന്ന ഒടിപി ചോദിച്ചറിഞ്ഞ ശേഷം പണം തട്ടുകയാണ് യുവതി ചെയ്തിരുന്നത്.
പണം നഷ്ടമായ ദമ്പതികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. യുവതിയില്‍ നിന്ന് ലാപ്‌ടോപ്പും മൊബൈല്‍ ഫോണും സിമ്മുകളും പൊലീസ് പിടിച്ചെടുത്തു.



