23
Feb 2023
Thu
23 Feb 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗാന്ധിനഗർ: ഫെബ്രുവരി 14ന് വാലന്റൈൻ ഡേ ദിനത്തിൽ കൗ ഹഗ് ഡേ ആചരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിർദേശത്തിന് പിന്നാലെ പശുവുമായി ബന്ധപ്പെട്ട മറ്റൊരു ആചാരവും ചർച്ചയാകുന്നു. ഗുജറാത്തിലെ ദഹോദ് ജില്ലയിലെ ഗോത്രവർഗക്കാരാണ് കാലങ്ങളായി ഈ ആചാരം പിന്തുടരുന്നത്. എല്ലാ വർഷവും ദീപാവലിക്കു ശേഷമുള്ള രണ്ടാം ദിനമാണ് ഈ ആചാരം അനുഷ്ഠിക്കുന്നത്. ‘ഗായ് ഗൗരി’ എന്നാണ് ഈ ആചാരത്തിന്റെ പേര്.

പശുവിന്റെ ചവിട്ടു കിട്ടിയാൽ അത് അനുഗ്രഹമാണെന്നാണ് വിശ്വാസം. അതിനായി കൂട്ടമായി അഴിച്ചുവിട്ട പശുക്കൾക്കും കാളകൾക്കും മുന്നിൽ നിരന്നു കിടക്കുകയാണ് രീതി. സമാനമായ ആഘോഷം മധ്യപ്രദേശിലെ ഉജ്ജൈനിക്ക് അടുത്തുള്ള ബീഡാവാഡിലെ ഗ്രാമവാസികൾ ആഘോഷിക്കാറുണ്ട്.

ദീപാവലിക്കു ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് ഗായ് ഗൗരി ആചരിക്കുന്നത്. ഇത് ഹിന്ദു പുതുവർഷത്തിന്റെ ആരംഭംകൂടിയാണ്. ദീപാവലിക്കു ശേഷമുള്ള ഒന്നാം ദിവസം ഗ്രാമത്തലവൻ ഒരു പ്രാർത്ഥനാ ചടങ്ങിന് നേതൃത്വം നൽകും. ദേവിയോട് പ്രാർത്ഥിച്ച ശേഷം പശുക്കളുടെയും കാളകളുടെയും കൊമ്പുകൾക്ക് ചായം പൂശും. ശേഷം മയിൽ പീലി ഉപയോഗിച്ച് അലങ്കരിക്കും. കൂടാതെ അവയുടെ കാലുകളിൽ മണി കെട്ടുകയും ചെയ്യും.

‘ദൈവത്തോട് കൃതജ്ഞത പ്രകടിപ്പിക്കാനുള്ള ഒരു വഴി’യായാണ് ഇതിനെ കാണുന്നത്. പശുക്കളോട് തങ്ങൾ ചെയ്ത പാപങ്ങളുടെ പ്രശ്ചിത്തമായിട്ടാണ് ആദിവാസികൾ ഈ രീതി പിന്തുടരുന്നത്. പശുക്കൾ ശരീരത്തിൽ ചവിട്ടുമ്പോൾ പരിക്കേൽക്കില്ലേ എന്നു ചോദിച്ചാൽ, ഗോമാതാവ് അപകടം വരുത്തില്ലെന്നാണ് ഗ്രാമവാസികൾ പറയുന്നത്. ചവിട്ടേറ്റ് മുറിവ് സംഭവിച്ചാൽ ഗോമൂത്രവും ചാണകവുമാണ് അവർ മുറിവിൽ പുരട്ടുന്നത്.

people celebrate traditional Gaai Gohri festival in Dahod