ജനിച്ചത് പെണ്‍കുഞ്ഞായതിനാല്‍ 40 ദിവസം പ്രായമുള്ള നവജാതശിശുവിനെ ഉപേക്ഷിച്ച ശേഷം തട്ടിക്കൊണ്ടുപോവല്‍ കഥമെനഞ്ഞ് ബിജെപിയുടെ ഉപസംഘടനയായ ഭാരതീയ ജനതാ യുവമോര്‍ച്ച ഡല്‍ഹി പ്രസിഡന്റിന്റെ ഭാര്യ. തട്ടിക്കൊണ്ടുപോവല്‍ നാടകം പൊളിഞ്ഞതോടെ നാണക്കേടിലായ സംഘടന പ്രസിഡന്റായ വാസു രുഖറിനെ പദവിയില്‍ നിന്ന് പുറത്താക്കി. വാസുവിന്റെ 35കാരിയായ ഭാര്യയാണ് തട്ടിക്കൊണ്ടുപോവല്‍ കഥ മെനഞ്ഞ ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചത്. ബൈക്കിലെത്തിയ സംഘം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്നാണഅ യുവതി പൊലീസില്‍ വിളിച്ചറിയിച്ചത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കഥ പൊളിഞ്ഞു.
|
ഭര്‍തൃവീട്ടുകാര്‍ ആണ്‍കുഞ്ഞിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും ഇതിനാലാണ് മകളെ ഉപേക്ഷിച്ചതെന്നും ഇവര്‍ പൊലീസിനു മൊഴി നല്കി. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് യുവതി കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ചത്. പിന്നീട് ഇതിലെ പോയ രണ്ടുപേര്‍ കരച്ചില് കേട്ട് കുട്ടിയെ കാണുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു.
ഇതിനു ശേഷം 5.15ഓടെയാണ് യുവതി പൊലീസില്‍ വിളിച്ച് തട്ടിക്കൊണ്ടുപോയെന്ന കള്ളക്കഥ പറയുന്നത്. കിഡ്നാപ്പിങ്ങിന് പൊലീസ് കേസെടുക്കുകയും അന്വേഷണം തുടങ്ങുകയും ചെയ്തു. തുടര്‍ന്നാണ് കള്ളക്കഥ പുറത്താവുന്നത്. അതേസമയം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ വാസു റുഖാറിനെ പുറത്താക്കുകയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം റദ്ദാക്കുകയും ചെയ്തുവെന്ന് ബിജെപി ഡല്‍ഹി വര്‍ക്കിങ് പ്രസിഡന്റ് വിരേന്ദ്ര സച്ദേവ അറിയിച്ചു.
യുവതിയുടെ നാലാമത്തെ പ്രസവമാണിത്. 12ഉം ആറും വയസ്സായ പെണ്മക്കളാണ് മൂത്തത്. കഴിഞ്ഞവര്‍ഷം ഒരു ആണ്‍കുട്ടി ജനിച്ചെങ്കിലും അസുഖത്തെ തുടര്‍ന്ന് മരിച്ചു. നാലാമത് ജനിച്ചത് പെണ്‍കുട്ടി ആയതോടെ ഭര്‍തൃവീട്ടുകാര്‍ക്ക് അതൃപ്തി ആയിരുന്നുവെന്നും ഇതിനാലാണ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു. അതേസമയം യുവതിയുടെ വാദം തെറ്റാണെന്നും അവര്‍ക്ക് വിഷാദരോഗമാണെന്നും ഭര്‍ത്താവ് പ്രതികരിച്ചു.



