23
Feb 2023
Sun
23 Feb 2023 Sun

കൊച്ചി: ആണ്‍കുട്ടികളിലെ ചേലാകര്‍മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യുക്തിവാദി നേതാവ് ആരിഫ് ഹുസൈന്‍ കേരളാ ഹൈക്കോടതിയില്‍ ഹരജി നല്‍കി. പതിനെട്ട് വയസിനു താഴെയുള്ളവരില്‍ ചേലാകര്‍മ്മം നടത്താന്‍ അനുവദിക്കരുതെന്നാണ് ഹരജിയിലെ ആവശ്യം. ഹര്‍ജി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് അടുത്തയാഴ്ച പരിഗണിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാതാപിതാക്കളുടെ അന്ധമായ മതവിശ്വാസം കുട്ടികളില്‍ അടിച്ചേല്‍പിക്കലാണിതെന്നും ചേലാകര്‍മ്മം യുക്തിപരമല്ലെന്നും ഹരജിയില്‍ പറയുന്നു.ഇത്തരം പ്രവൃത്തികള്‍ കുട്ടികള്‍ക്കു നേരെയുള്ള അക്രമമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഹരജിയില്‍ ആരോപിക്കുന്നു.

ലിംഗാഗ്രചര്‍മം പൂര്‍ണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതാണ് ചേലാകര്‍മം. കുട്ടികളില്‍ മാനസികാഘാതം ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുമെന്ന് ഹര്‍ജിയില്‍ പറയുന്നു. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ കണ്‍വെന്‍ഷന്‍, ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ച പൗരരാഷ്ട്രീയ അവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി തുടങ്ങിയ കുട്ടികളുടെ അവകാശങ്ങള്‍ നിരത്തുന്ന വിവിധ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകള്‍ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇതു ഒരു മതപരമായ ആചാരമല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

ചേലാകര്‍മം ഭാവിയില്‍ ലൈംഗികതയെ ബാധിക്കുമെന്നും സ്ത്രീ പങ്കാളിക്ക് ലൈംഗിക സംതൃപ്തി അനുഭവപ്പെടാതിരിക്കാനുള്ള സാധ്യത കൂടുതലാണെന്നും ചില രാജ്യാന്തര മെഡിക്കല്‍ പ്രസിദ്ധീകരണങ്ങളെ ഉദ്ധരിച്ച് ഹര്‍ജിയില്‍ പറയുന്നു. ഇതു കൂടാതെ അടുത്തിടെ വാടാനപ്പള്ളിയില്‍ ചേലാകര്‍മത്തെ തുടര്‍ന്ന് ഒരു കുട്ടി മരിക്കാനിടയായെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം കുട്ടികളുടെ മൗലികാവകാശം ലംഘിക്കുന്നതിനാല്‍, കുട്ടികളിലെ ചേലാകര്‍മം ‘ക്രൂരവും മനുഷ്യത്വരഹിതവും’ ആണെന്നുംഹര്‍ജിയില്‍ ആരോപിച്ചു.